വസ്ത്രങ്ങൾ കഴുകിയ ശേഷം വെയിലത്ത് ഉണക്കണമെന്നാണ് പഴമക്കാർ പറയുന്നത്. ഇത് വസ്ത്രങ്ങളിലെ രോഗാണുക്കളെ നശിപ്പിക്കാൻ സഹായിക്കും.
കൂടാതെ, നനഞ്ഞ തുണികൾ വീടിനുള്ളിൽ പ്രത്യേകിച്ച് കിടപ്പുമുറിയിൽ ഒരു കാരണവശാലും വിരിക്കാൻ പ്രായമായവർ അനുവദിക്കില്ല. ഇവരുടെ ശീലങ്ങളെ സാധൂകരിക്കുന്ന പഠന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പുതിയ കാലത്ത് സ്ഥലപരിമിതി കാരണം പലരും വസ്ത്രങ്ങൾ കഴുകിയ ശേഷം വീടിനുള്ളിലും ഫ്‌ളാറ്റിലും ഉണങ്ങാൻ തൂക്കിയിടാറുണ്ട്. കടകളിൽ നിന്ന് ലഭിക്കുന്ന സ്റ്റാൻഡിൽ വസ്ത്രങ്ങൾ ഉണക്കുന്നവരും കുറവല്ല. എന്നാല് ഇത്തരത്തില് വസ്ത്രങ്ങള് ഉണക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സ്‌കോട്ട്ലന്റിലെ ഗ്ളാസ്ഗോവില്‍ ആംപിയെന്റല്‍ ആര്‍ക്കിടെക്ച്വര്‍ ഇന്‍വെസ്റ്റിഗേഷന്‍ വീടിനുള്ളിൽ വസ്ത്രങ്ങൾ കഴുകുന്നവരുടെ ആരോഗ്യത്തെക്കുറിച്ച് ഒരു പഠനം നടത്തി. ഇത്തരത്തില് വസ്ത്രം ഉണക്കുന്നവരില് 25 ശതമാനം പേർക്കും പ്രതിരോധശേഷി കുറവാണെന്നും ശ്വാസകോശസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
വസ്ത്രങ്ങൾ ഇതുപോലെ വീടിനുള്ളിൽ ഉണക്കുമ്പോൾ അവയിലെ ഈർപ്പം ഫംഗസിനും മറ്റ് സൂക്ഷ്മാണുക്കൾക്കും വളരാൻ അവസരമൊരുക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുന്നത്ര ശ്രദ്ധിക്കുക.
തുണികൾ അല്പം അകലത്തിൽ വയ്ക്കുക. ഡ്രയർ ഉപയോഗിച്ച് വാഷിംഗ് മെഷീനിൽ തുണി അൽപം ഉണക്കിയ ശേഷം, അവയെ വിരിച്ചിടുക.
കട്ടിയുള്ള തുണിത്തരങ്ങൾ അകം ഉള്ളിലേക്ക് തിരിച്ചിടുന്നത് വേഗത്തിൽ ഉണങ്ങാൻ സഹായിക്കും. വസ്ത്രങ്ങൾക്കിടയിൽ ശരിയായ വായു സഞ്ചാരം ഉണ്ടെന്നും ഉറപ്പാക്കുക.