എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ധാതുവാണ് കാൽസ്യം.
ശരീരത്തിൽ കാൽസ്യം കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകൾക്ക് ബലക്കുറവ്, നിരന്തരമായ നടുവേദന തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ട്. കുട്ടികൾക്കും പ്രായമായവർക്കുമാണ് കാൽസ്യത്തിന്റെ ഏറ്റവും വലിയ ആവശ്യകത.
ശരീരത്തിന് ആവശ്യമായ കാൽസ്യം ഭക്ഷണത്തിലൂടെ ലഭിക്കും.
പാലും പാലുൽപ്പന്നങ്ങളും കാൽസ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമാണ്. എന്നിരുന്നാലും, ചില ആളുകൾക്ക് പാലുൽപ്പന്നങ്ങൾ ഇഷ്ടപ്പെടണമെന്നില്ല. പാലിൽ മാത്രമേ കാൽസ്യം അടങ്ങിയിട്ടുള്ളൂ എന്ന ധാരണ തികച്ചും തെറ്റാണ്. അതുകൊണ്ട് കാൽസ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ചിയ വിത്തുകൾ ധാതുക്കൾ, നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, കാൽസ്യം എന്നിവയാൽ സമ്പന്നമാണ്. അതിനാൽ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കാൻ ചിയ വിത്തുകൾ പതിവായി കഴിക്കാം.
ബദാം പോലെയുള്ള ന്ടസുകൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. 100 ഗ്രാം ബദാമിൽ ഏകദേശം 260 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് സോയാബീൻ. സോയാബീൻ ശരീരത്തിന് കാൽസ്യം നൽകുന്ന ഒരു ഭക്ഷണമാണെന്ന് പലർക്കും അറിയില്ല. 100 ഗ്രാം സോയാബീനിൽ നിന്ന് 27 ശതമാനം കാൽസ്യം ലഭിക്കുന്നു.
ഇലക്കറികളാണ് പട്ടികയിൽ അടുത്തത്. പോഷകങ്ങളാൽ സമ്പന്നമായ ഇലക്കറികളിൽ നിന്ന് ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കും. അതുകൊണ്ട് ചീര, ബ്രോക്കോളി, മുരിങ്ങ തുടങ്ങിയവ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
കാല്സ്യം ധാരാളമായി അടങ്ങിയിട്ടുള്ള പാല് അല്ലാത്ത ഭക്ഷണങ്ങളിലൊന്നാണ് റാഗിയെന്ന് പലർക്കും അറിയില്ല. 100 ഗ്രാം റാഗിയിൽ 344 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഡിയും മറ്റ് പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമായ റാഗി രക്തത്തിലെ പഞ്ചസാരയുടെ അളവും മൊത്തത്തിലുള്ള ആരോഗ്യവും നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.