Click to learn more 👇

അയ്യപ്പന്‍വിളക്കിനിടെ ആന ഇടഞ്ഞു ; അഞ്ചു പേർക്ക് പരിക്ക്,


 


പാലക്കാട്: ആലത്തൂർ ചന്ദനംപറമ്പ് അയ്യപ്പൻവിളക്കിന്റെ ഭാഗമായ പാലക്കൊമ്പ് എഴുന്നള്ളത്തിൽ ആന ഇടഞ്ഞു.

ആനയുടെ പുറത്തു ഉണ്ടായവരടക്കം  അഞ്ചുപേർക്ക് പരിക്കേറ്റു.  ഓടുന്നതിനിടയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് നിസാര പരിക്കേറ്റു.  ആനപ്പുറത്തുണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത് (22), ഇളവംപാടം വൈശാഖ് (25), എരിക്കിന്‍ചിറ ജിത്തു (22), ആന പാപ്പാൻ, വണ്ടാഴി സ്വദേശി തങ്കമണി (67) എന്നിവർക്കാണ് പരിക്കേറ്റത്. 

തങ്കമണിയെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ നെന്മാറയിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ വണ്ടാഴി മോസ്‌കോമൊക്കിന് സമീപമാണ് സംഭവം. ചിറക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആദ്യം പാപ്പാനെ ആക്രമിച്ചതിന് ശേഷം പുറത്തിരുന്നവരെ ആന കുടഞ്ഞു വീഴ്ത്തി.  

ആന ഓടിയതോടെ ആളുകൾ പരിഭ്രാന്തരായി ചിതറിയോടി.  ഓടുന്നതിനിടയിൽ തിക്കിലും തിരക്കിലും പെട്ട് പലർക്കും നിസാര പരിക്കേറ്റു.

റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും വണ്ടാഴിയിലെ തയ്യൽക്കടയും തകർത്തു. ഒരു മണിക്കൂറിന് ശേഷം ആനയെ പാപ്പാൻമാരുടെ  നേതൃത്വത്തിൽ തളച്ചു. 

സംഭവത്തെ തുടർന്ന് മംഗലംഡാം പോലീസ് സ്ഥലത്തെത്തി.