ആദ്യം ഞെട്ടിയെങ്കിലും പിന്നീട് പണം എടുത്ത് ചെലവാക്കി. ഒടുവിൽ യുവാക്കൾ കുടുങ്ങി.
തൃശൂരിലാണ് സംഭവം. അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവരാണ് അറസ്റ്റിലായത്. 2.44 കോടി രൂപയാണ് ഇവർ ചെലവഴിച്ചത്. സൈബർ ക്രൈം പോലീസാണ് ഇവരെ പിടികൂടിയത്.
പിടിയിലായവരിൽ ഒരാൾക്ക് ന്യൂജനറേഷൻ ബാങ്കുകളിലൊന്നിൽ അക്കൗണ്ട് ഉണ്ടായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഈ അക്കൗണ്ടിൽ കൂടുതൽ പണം എത്തിയത്. അക്കൗണ്ടിൽ കോടികൾ എത്തിത്തുടങ്ങിയതോടെ കണക്കില്ലാതെ ചിലവാക്കാൻ തുടങ്ങി. ഓരോ തവണ ചിലവഴിക്കുമ്പോഴും പണം തിരികെ വന്നു. ഇതോടെ ഫോൺ ഉൾപ്പെടെ പലതും വാങ്ങി.
ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ചും , കടങ്ങൾ വീട്ടിയും. കച്ചവടം നടത്തിയും. മൊത്തം 2.44 കോടി ചെലവഴിച്ചു.
ഘട്ടംഘട്ടമായി എത്തിയ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്കും മാറ്റി. 171 ഇടപാടുകൾ നടത്തി.
പണം നഷ്ടപ്പെട്ടത് ബാങ്ക് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ബാങ്ക് പരാതിപ്പെട്ടതോടെ പോലീസ് ഇവരെ തേടിയെത്തി. അറസ്റ്റിലായ വ്യക്തിക്ക് അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും തമ്മിലുള്ള ലയനം പുരോഗമിക്കുകയായിരുന്നു.
ഇതിനിടയിൽ കോടികൾ അബദ്ധത്തിൽ ഇവരുടെ അക്കൗണ്ടിൽ കയറിയെന്നാണ് കരുതുന്നത്. ലയനസമയത്തെ സാഹചര്യം മുതലെടുക്കാൻ ശ്രമിച്ചിരുന്നതായും സംശയമുണ്ട്.
ചെലവഴിച്ച പണത്തിന്റെ ഭൂരിഭാഗവും തിരിച്ചുപിടിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാലും ഏതാനും ലക്ഷങ്ങൾ കിട്ടാനുണ്ട്. അർഹതയില്ലാത്ത തുക ചെലവഴിച്ചാതാണ് ഇവര്‍ക്ക് വിനയായത്.
അക്കൗണ്ടിൽ കൂടുതൽ പണം വന്നാൽ ബാങ്കിൽ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.