ഗാർഹിക ഉപയോക്താക്കൾക്കായി വീടുകൾക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ കെഎസ്ഇബി നടപ്പാക്കുന്ന പദ്ധതിയാണ് പുരപ്പുറ സോളാർ പദ്ധതി.
പദ്ധതി പ്രകാരം ഉപഭോക്താവിന് സബ്‌സിഡി നിരക്കിൽ വീട്ടിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കാം. ഇപ്പോൾ ഈ പദ്ധതിക്ക് സഹകരണ ബാങ്കുകൾ വഴി സർക്കാർ വായ്പാ സൗകര്യം ഒരുക്കുന്നുണ്ട്. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യഘട്ടത്തിൽ സഹകരണ ബാങ്കുകൾ മുഖേന മിച്ചം ഫണ്ട് ഉപയോഗിച്ച് ഇത് നടപ്പാക്കും. പുരപ്പുറ വൈദ്യുത പദ്ധതി സംസ്ഥാന വൈദ്യുതി ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ സാമ്പത്തിക സ്ഥിതി കണ്ടെത്താൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് വായ്പാ സൗകര്യം നൽകുന്ന കാര്യം സഹകരണ വകുപ്പ് പരിഗണിച്ചത്', മന്ത്രി പറഞ്ഞു.
സഹകരണ ബാങ്കുകളിൽ നിന്ന് സോളാർ പദ്ധതികൾക്ക് ധനസഹായം ലഭ്യമാകുന്നതോടെ കേരളത്തിലെ സൗരോർജ്ജ വിപ്ലവത്തിന് ആക്കം കൂട്ടും. കേരളത്തിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. www.ekiran.kseb.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്ലാന്റ് സ്ഥാപിക്കാൻ കെഎസ്ഇബിയുമായി കരാറിലേർപ്പെട്ട കമ്പനികളുടെ വിവരങ്ങളാണ് വെബ്സൈറ്റിലുള്ളത്.