ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചി ഇന്ന് വീണ്ടും മഞ്ഞക്കടലാകും. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടും.
തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമായി ഇന്നത്തെ മത്സരത്തെ വിശേഷിപ്പിക്കാം. കാരണം നിലവിൽ ഇരു ടീമുകളും 10 മത്സരങ്ങൾ വീതം പൂർത്തിയാക്കിയിട്ടുണ്ട്. അതിൽ നിന്ന് 19 പോയിന്റുമായി ഇരു ടീമുകളും നാലും അഞ്ചും സ്ഥാനത്താണ്.
ഒഡീഷയേക്കാൾ മികച്ച ഗോൾ വ്യത്യാസമുള്ള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. ഇന്ന് ജയിക്കുന്ന ടീമിന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറാം. മത്സരം സമനിലയിലായാലും എടികെയെ പിന്തള്ളി ബ്ലാസ്റ്റേഴ്‌സ് ഗോളുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തെത്തും.
തുടർച്ചയായ 6 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് നേരിയ മുൻതൂക്കമുണ്ട്. ഒപ്പം മത്സരം കൊച്ചിയിലാണെന്നതും ബ്ലാസ്റ്റേഴ്സിന് അനുകൂല ഘടകമാണ്.
ഒഡീഷയുടെ ഗ്രൗണ്ടിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഇന്നത്തെ മത്സരത്തോടെ അത് നികത്താനാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ഒഡീഷ അവസാന രണ്ട് മത്സരങ്ങളിൽ ജയിച്ചിട്ടില്ല.
ഏതായാലും കടലാസിലും കളിയിലും തുല്യതയുള്ളവർ നേർക്കുനേർ പോരാട്ടത്തിന് ഇറങ്ങുമ്പോൾ മികച്ച കളി പ്രതീക്ഷിക്കാം.