ചൈനയിൽ പടരുന്ന കോവിഡിന്റെ ഒമൈക്രോൺ ഉപ വകഭേദമായ എക്‌സ്ബിബി ഇന്ത്യയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കാൻ കേന്ദ്രം.
ഇന്ന് മുതൽ വിദേശത്ത് നിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ വിമാനത്താവളങ്ങളിൽ പരിശോധിക്കും. രാജ്യാന്തര യാത്രക്കാരിലും തെർമൽ സ്‌കാനിംഗ് നടത്തും.
അടുത്തയാഴ്ച സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടി സ്വീകരിക്കും. കൊവിഡ് പരിശോധനാ ഫലം വീണ്ടും നിർബന്ധമാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ചർച്ച ചെയ്യ്തുവരുന്നു.
ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന റിപ്പോർട്ട് നിർബന്ധമാക്കാനാണ് നിർദേശം. അന്തിമ തീരുമാനം അടുത്തയാഴ്ചയുണ്ടാകും. ഇപ്പോൾ വിമാന സർവീസുകൾ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നാണ് കരുതുന്നത് എന്നും അറിയിച്ചു.
പുതുവത്സരാഘോഷങ്ങളിൽ തിരക്ക് ഒഴിവാക്കാനും മാസ്‌ക് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
പനിയും കടുത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉള്ള രോഗികളെ നിരീക്ഷിക്കണം.
രോഗം സ്ഥിരീകരിച്ചാൽ ജനിതക ശ്രേണീകരണം നടത്തണമെന്നും കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നിവയിൽ അയവ് പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.
ആൾക്കൂട്ടം അധികമാകരുത്. മാസ്‌ക് ഉപയോഗിച്ച് ശാരീരിക അകലവും ഉറപ്പാക്കണം. വാക്‌സിൻ കരുതൽ ഡോസിന്റെ വിതരണത്തിൽ വൈമുഖ്യം കാണുന്നുണ്ട്. ഇതൊഴിവാക്കാൻ കരുതൽ ഡോസ് നൽകുന്നതിന് പ്രാധാന്യം നൽകണമെന്നും നിർദേശത്തിൽ പറയുന്നു.