Click to learn more 👇

വീടിന്റെ പുറത്തിറങ്ങാത്ത യുവാവിനെ തേടി എക്‌സൈസ് എത്തി, ഉദ്യോഗസ്ഥര്‍ക്കുനേരെ നായയെ അഴിച്ചുവിട്ടു; ഇതൊക്കെയാണ് ഇരുപത്തിമൂന്നുകാരനില്‍ നിന്ന് കണ്ടെത്തിയത്


കൊച്ചി: വളർത്തുനായയെ എക്‌സൈസ് ഉദ്യോഗസ്ഥർക്കു നേരെ അഴിച്ചുവിട്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ലഹരി വിൽപനക്കാരൻ അറസ്റ്റിൽ.

കാക്കനാട് നിലംപതിഞ്ഞ മുകള്‍ സ്വദേശി ലയോണ്‍ റെജി (23) നെയാണ് എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കാക്കനാട് തുതിയൂർ സെന്റ് ജോർജ് ചാപ്പൽ റോഡിലെ വീട്ടിൽ ഐ.ടി.  ഉദ്യോഗസ്ഥനെന്ന വ്യാജേന ലഹരി വിറ്റ് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.  ലയോണ്‍ന്റെ അതേ മുറിയിൽ സൈബീരിയൻ ഹസ്കി എന്ന വിദേശ ഇനത്തിലുള്ള നായയും താമസിച്ചിരുന്നു.  

ലഹരിക്കേസില്‍ അറസ്റ്റിലായ യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് വളഞ്ഞ എക്സൈസ് സംഘത്തിനെതിരെ നായയെ അഴിച്ചുവിടുകയായിരുന്നു. നായയെ തന്ത്രപരമായി മറ്റൊരു മുറിയിലേക്ക് മാറ്റിയാണ് ലയോണെ കീഴടക്കിയത്.  നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കും.

എറണാകുളം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാര്‍ , സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍ , സിറ്റി മെട്രോ ഷാഡോയിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.ഡി. ടോമി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഇ.ഒ ടി. ആര്‍. അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വീട്ടിൽ വന്നതിന് ശേഷം വീട്ടിൽ നിന്ന് ഇയാൾ പുറത്തു ഇറങ്ങിയിട്ടില്ല. ഭക്ഷണമെല്ലാം ഓൺലൈനിൽ ഓർഡർ ചെയ്യും. പട്ടിയെ എല്ലാർക്കും പേടിയായതു കൊണ്ട് ആരും അടുക്കില്ല. ഓൺലൈനായി പണമടച്ച ശേഷം മയക്കുമരുന്ന് ആവശ്യമുള്ളവർക്ക് ലൊക്കേഷൻ അയച്ചുകൊടുക്കും. വീട്ടിലിരുന്ന് ഇടപാട് നടത്തുന്നതാണ് രീതി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.