പാണ്ടനാട് പ്രയാർ കിഴുവള്ളില്‍ പുത്തന്‍പറമ്ബില്‍ ഷാജിക്കാണ് പണം നഷ്ടപ്പെട്ടത്. ആക്രി സാധനങ്ങളോടൊപ്പം കിട്ടിയ എടിഎം കാർഡും വ്യക്തിഗത പിൻ നമ്പറും ഉപയോഗിച്ചാണ് തമിഴ്‌നാട് സ്വദേശി പണം പിൻവലിച്ചത്.
സംഭവത്തിൽ തെങ്കാശി സ്വദേശി ബാലമുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി 61 തവണയായി 6.31 ലക്ഷം രൂപ പിൻവലിച്ചു. ഷാജിയുടെ എസ്ബിഐ ചെങ്ങന്നൂർ ശാഖയിലെ ബാങ്ക് അക്കൗണ്ടിലെ എടിഎം കാർഡാണ് നഷ്ടമായത്. 2018ൽ എടിഎം കാർഡ് ലഭിച്ചെങ്കിലും വിദേശത്തേക്ക് പോയതിനാൽ ഷാജി കാർഡ് ഉപയോഗിച്ചിരുന്നില്ല.
2018ലെ വെള്ളപ്പൊക്കത്തിൽ ഷാജിയുടെ വീട്ടിലും വെള്ളം കയറിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങൾ അക്രിക്ക് വിറ്റു. കാർഡും ഇതോടൊപ്പം ഉൾപ്പെട്ടു പോയിരുന്നു. പിന്നീട് ഒക്‌ടോബർ 25ന് ചെങ്ങന്നൂരിലെ എസ്ബിഐ ശാഖയിൽ എത്തി ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചു.എന്നാൽ അക്കൗണ്ടിൽ പണമില്ലായിരുന്നു. എടിഎം കാർഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപ പിൻവലിച്ചതായി ബാങ്ക് ജീവനക്കാർ അറിയിച്ചു.
തുടർന്ന് പോലീസിൽ പരാതി നൽകി. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ അബുദാബിയിലായതിനാൽ സന്ദേശം കണ്ടില്ലെന്നും ഷാജി പറയുന്നു.
2022 ഒക്ടോബർ 7 നും 22 നും ഇടയിൽ ഷാജിയുടെ അക്കൗണ്ടിൽ നിന്ന് 61 തവണ എടിഎം ഉപയോഗിച്ച് പണം പിൻവലിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരം, ഇടമണ്ണ്, പുനലൂര്‍, കറ്റാനം, തമിഴ്‌നാട്ടിലെ മധുര, നാമക്കല്‍, സേലം എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചത്.
തുടർന്ന് ഈ എടിഎം കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. എല്ലാ സീനിലും ഒരു ലോറി ഉണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ബാലമുരുകൻ പിടിയിലായത്.