Click to learn more 👇

ഇന്ത്യ- ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം


ഹൈദരാബാദ്: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം.  ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം.  

ഐസിസി ടൂർണമെന്റുകളിൽ സ്ഥിരമായി ഇന്ത്യയുടെ വഴിമുടക്കി നിൽക്കുന്ന കിവികളുമായി മുഖാമുഖം വരുമ്പോൾ ആരാധകരും ആവേശത്തിലാണ്.  ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയർ.  പാക്കിസ്ഥാനിൽ ഏകദിന പരമ്പര നേടിയണ് കിവികളുടെ വരവ്.

വ്യക്തിപരമായ കാരണങ്ങളാൽ പിൻമാറിയ കെ.എൽ.രാഹുലിനും അക്സർ പട്ടേലിനും പകരം ആരെയാണ് അന്തിമ ഇലവനിലെടുക്കുകയെന്നതാണ് മത്സരത്തിന് മുമ്പുള്ള കൗതുകം.  രാഹുലിന് പകരം ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. കിഷൻ ഓപ്പണറായാൽ കാര്യവട്ടത്ത് സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി സൂര്യകുമാർ യാദവിനെ ഫിനിഷറായി നിലനിർത്താനാണ് സാധ്യത.  

ഇടംകൈയ്യൻമാർ ഏറെയുള്ള ന്യൂസിലൻഡിനെതിരെ ഓഫ് സ്പിന്നർ വാഷിംഗ്ടൺ സുന്ദർ അന്തിമ ഇലവനിലുണ്ടാകും. കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ ടോം ലാഥമാണ് ന്യൂസിലൻഡ് ക്യാപ്റ്റൻ. 

ട്രെന്റ് ബോൾട്ടും ആദം മിൽനെയും മാറ്റ് ഹെന്റിയും ഇല്ലെങ്കിലും ന്യൂസിലൻഡിന്റെ ബൗളിംഗ് നിര ആരെയും വിറപ്പിക്കുന്നതാണ്. 

ഇന്ത്യയിൽ ഇതുവരെ ഒരു ഏകദിന പരമ്പര ജയിച്ചിട്ടില്ലെന്ന ചരിത്രം കിവീസിന്റെ സമ്മർദ്ദം വർദ്ധിപ്പിക്കും.