Click to learn more 👇

ആദ്യ രക്ത പരിശോധനയില്‍ വിഷാംശ സാന്നിദ്ധ്യമില്ല, അഞ്ജുശ്രീയുടെ മരണത്തിന് പിന്നിലെന്ത്? പൊലീസ് ഫോണ്‍ പരിശോധിക്കുന്നു


 

കാസർകോട്: കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീ(19) ഭക്ഷ്യവിഷബാധയേറ്റല്ലാ മരിച്ചതെന്ന് സ്ഥിരീകരിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.

പെൺകുട്ടിയുടെ കരളിലും ആന്തരികാവയവങ്ങളിലും വിഷം കയറിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ജനുവരി അഞ്ചിന് സ്വകാര്യ ലാബിൽ അഞ്ജുശ്രീയുടെ രക്തപരിശോധന നടത്തി. വിഷാംശത്തിന്റെ സാന്നിധ്യം അതിൽ പറയുന്നില്ല. എന്നാൽ 8ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തി. വിഷം അകത്ത് കടന്നതെങ്ങനെയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  റിപ്പോർട്ട് ലഭിച്ചാലേ യഥാർത്ഥ കാരണം വ്യക്തമാകൂ.  

ഏത് വിഷമാണ് അകത്ത് കടന്നതെന്ന് കണ്ടെത്താൻ വിശദമായ പരിശോധന ആവശ്യമാണെന്നാണ് ഫോറൻസിക് സർജന്റെ മൊഴി. അഞ്ജുശ്രീയുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അത് പരിശോധിച്ചുവരികയാണ്.

ഡിസംബർ 31ന് അടുത്ത് അടുക്കത്ത് ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടലിൽ നിന്ന് വാങ്ങിയ പാഴ്സൽ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റാണ് മരണകാരണമെന്നാണ് ആദ്യം കരുതിയത്.

കുഴിമന്തി, മയോണൈസ്, ഗ്രീന്‍ചട്ണി, ചിക്കന്‍ 65 എന്നിവയാണ് കഴിച്ചത്.അഞ്ജുശ്രീയെ കൂടാതെ അമ്മയും അനുജനും. ബന്ധുവായ ഒരു പെൺകുട്ടിയും അത് കഴിച്ചു. 

പിറ്റേന്ന് രാവിലെ അഞ്ജുശ്രീയും ബന്ധുവായ പെൺകുട്ടിയും തളർന്നിരുന്നു.  എന്നാല് മറ്റുള്ളവർക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ബന്ധുവിന്റെ കുട്ടിക്കും കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അഞ്ജുശ്രീയെ ദേളിയിലുള്ള കാസർകോട് സ്വകാര്യ ആശുപത്രിയിൽ കാണിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.  

ജനുവരി 5 ന്, ദേഹാസ്വാസ്ഥ്യം അനുഭവപെടുകയും തുടർന്ന് വീണ്ടും അതേ ആശുപത്രിയിൽ കാണിച്ചു.രക്തം പരിശോധിച്ചു. ആൻറിബയോട്ടിക്കുകൾ നൽകി നാട്ടിലേക്ക് അയച്ചു. 

ആറിന് ബോധക്ഷയം ഉണ്ടായി. തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴാം തീയതി പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.