തിരുവനന്തപുരം; കഴിഞ്ഞ മാസം 31നാണ് ലീഗിന്റെ കേരളത്തിലെ അംഗത്വ വിതരണം പൂർത്തിയായത്.
എന്നാൽ നേമം നിയോജക മണ്ഡലത്തിൽ കളിപ്പാന്‍കുളം വാർഡിൽ നിന്നുള്ള പുതിയ അംഗങ്ങളുടെ പട്ടികയിലെ പേരുകൾ കണ്ട് നേതൃത്വം ഞെട്ടി. സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, മമ്മൂട്ടി, ആസിഫ് അലി എന്നിവർക്കൊപ്പം മിയ ഖലീഫയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സംഭവം ചർച്ചയായതോടെ അന്വേഷണം നടത്താനൊരുങ്ങുകയാണ് നേതൃത്വം.
വീടുവീടാന്തരം കയറി അംഗത്വം വിതരണം ചെയ്യാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നു. ഇങ്ങനെ അംഗങ്ങളാകുന്നവർ പേര്, ആധാർ നമ്പർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ, ഫോൺ നമ്പർ എന്നിവ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.
ഓരോ വാർഡിനും പ്രത്യേകം പാസ്‌വേഡ് നൽകി. കോഴിക്കോട്ടെ ഐടി കോർഡിനേറ്റർക്ക് മാത്രമേ ഇത് പിന്നീട് തുറന്ന് പരിശോധിക്കാൻ കഴിയൂ. ഇത്തരത്തിൽ ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടികയിൽ താരങ്ങളും ഇടംപിടിച്ചു.
സാധാരണ പാർട്ടിക്കാർ തന്നെയാണ് അംഗത്വ വിതരണം നടത്തുന്നത്. ആളില്ലാത്ത സ്ഥലങ്ങളിൽ കംപ്യൂട്ടർ സെന്ററുകളെ എല്‍പിച്ചവരുണ്ടെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജിയാണ് തിരുവനന്തപുരം ജില്ലയിലെ റിട്ടേണിംഗ് ഓഫീസർ.
സംഭവം ശ്രദ്ധയിൽപ്പെട്ടതായും അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തെ വട്ടിയൂർക്കാവ്, പാളയം തുടങ്ങിയ സ്ഥലങ്ങളിൽ അംഗത്വ വിതരണത്തിൽ ക്രമക്കേട് നടന്നതായി ഒരു വിഭാഗം പറയുന്നു.