തിരുവനന്തപുരം: എല്ലാ മാസവും വൈദ്യുതി നിരക്ക് പരിഷ്കരിക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കാൻ തീരുമാനം.
വൈദ്യുതിയുടെ വിപണി വില ഉയർന്ന മാസങ്ങളിൽ നിരക്ക് വർധിക്കും.
മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ചെലവു കുറയുന്ന മാസങ്ങളിൽ അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും തീരുമാനിച്ചു.
വിപണിയിൽ വൈദ്യുതി വില കുറഞ്ഞാൽ ആ മാസങ്ങളിൽ ഉപഭോക്താക്കൾ നൽകേണ്ട നിരക്കും അതിനനുസരിച്ച് കുറയും. എന്നാൽ നിലവിൽ ഇതിന് ചട്ടമില്ല.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ ഉണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്ന് പ്രതിമാസ സർചാർജായി കെഎസ്ഇബി ഉൾപ്പെടെയുള്ള വിതരണ കമ്പനികൾ ഈടാക്കണമെന്നാണ് പുതിയ ചട്ടം. ജലവൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന മാസങ്ങളിൽ നിരക്കുവർധന ഒഴിവാക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ നിലപാട്.