മലപ്പുറം: ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് യുവാവ് ഹോട്ടൽ ഉടമയെ കുത്തി വീഴ്ത്തി
മലപ്പുറം താനൂർ ടൗണിലെ ടിഎ റസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി തങ്ങള്‍കുഞ്ഞിമാക്കാനകത്ത് സുബൈറിനെ കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ചായ കുടിക്കാനെത്തിയ സുബൈർ ചായക്ക് മധുരമില്ലന്ന് പറഞ്ഞ് ഹോട്ടൽ ഉടമ മനാഫുമായി വഴക്കിട്ടു. ഹോട്ടലിൽ നിന്ന് മടങ്ങിയ ശേഷം കത്തിയുമായി വന്ന ഇയാൾ ഹോട്ടലുടമയെ കുത്തുകയായിരുന്നു.
പ്രതി മനാഫിനെ പലതവണ കുത്തിയെന്നാണ് റിപ്പോർട്ട്. ഇതിൽ ആഴത്തിലുള്ള മുറിവുണ്ട്.
ഗുരുതരമായി പരിക്കേറ്റ മനാഫിനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.