Click to learn more 👇

ബെംഗളൂരു റെയില്‍വേ സ്റ്റേഷനിലെ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ യുവതിയുടെ അഴുകിയ മൃതദേഹം


 

ബെംഗളൂരു: ബെംഗളൂരു യശ്വന്ത്പൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലെ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.

ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നു കരുതുന്ന  മൃതദേഹം 30 വയസ് പ്രായമുള്ള സ്ത്രീയുടേതാണെന്ന് തോന്നിക്കുന്നതായി കർണാടക റെയിൽവേ പോലീസ് പറഞ്ഞു.

കറുപ്പും വെളുപ്പും കുർത്തയും വെള്ള ലെഗ്ഗിൻസും വെള്ള ദുപ്പട്ടയുമാണ് യുവതിയുടെ വേഷം. കാൽവിരലുകളിലും മിഞ്ചി അണിഞ്ഞിട്ടുണ്ട്.  അഞ്ചടിയോളം പൊക്കംമുണ്ട്.  

സ്ത്രീ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച രാവിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് റെയിൽവേ സ്‌റ്റേഷനിലെ സ്വീപ്പർ റെയിൽവേ പോലീസിനെ അറിയിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.  

പോലീസ് പോയി ഡ്രം തുറന്നപ്പോൾ അഴുകിയ നിലയിൽ ഒരു സ്ത്രീയുടെ ശരീരവും വസ്ത്രങ്ങളും ഉള്ളിൽ കണ്ടതായി പത്രക്കുറിപ്പിൽ പറയുന്നു.  സംഭവത്തിൽ പോലീസ് കേസെടുത്തു.

  യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.  മിസ്സിംഗ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.  

യുവതി വിവാഹിതയാണെന്ന് തോന്നുന്നതായി റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം പ്ലാസ്റ്റിക് ഡ്രമ്മുകളാണ് മീൻ കടത്താൻ ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു.