കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
വളരെ തീവ്രവ്യാപന ശേഷിയുള്ള എച്ച്5എൻ1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികൾ ചത്തു.
നേരത്തെ തിരുവനന്തപുരത്തെ ഒരു ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. പഞ്ചായത്ത് 17-ാം വാർഡിൽ പെരുങ്ങുഴി ജംക്‌ഷനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ താറാവുകളിലും കോഴികളിലും പക്ഷിപ്പനിയുടെ സാന്നിധ്യം കണ്ടെത്തി. ഇവിടെ നൂറുകണക്കിന് താറാവുകളും കോഴികളും ചത്തു.
ആലപ്പുഴയിൽ നിന്ന് കൊണ്ടുവന്ന താറാവുകൾക്കും ഹൈദരാബാദിൽ നിന്ന് കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങൾക്കുമാണ് രോഗം പടർന്നത്. ഫാമിലെ താറാവുകൾക്കും കോഴികൾക്കും രോഗം വന്നപ്പോൾ ആദ്യം ആന്റിബയോട്ടിക്കുകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സാമ്പിൾ പരിശോധനയ്ക്കായി പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ്, ലേക്കും കൂടുതൽ പരിശോധനയ്ക്കായി ഭോപ്പാലിലും (എൻഐഎച്ച്എസ്എഡി ലാബ്) അയച്ചു. അവിടെ നിന്നുള്ള ഫലം പോസിറ്റീവായതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.