Click to learn more 👇

പക്ഷിപ്പനി: മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ വേണം; എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം


 

പക്ഷിപ്പനി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. ആരോഗ്യവകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം.

രോഗബാധിത പ്രദേശങ്ങളിലെ പനിയും മറ്റ് ലക്ഷണങ്ങളും ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്. ഈ പ്രദേശങ്ങളിലെ ആളുകൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായാൽ ഡോക്ടറെ അറിയിക്കണം. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂർ പഞ്ചായത്തിൽ നാളെ മുതൽ പക്ഷികളെ കൊന്നു തുടങ്ങും. അഴൂർ പെരുങ്ങുഴി ജംക്‌ഷനു സമീപത്തെ കെജിഎഫ് ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിൽ റെയിൽവേ സ്റ്റേഷൻ വാർഡ്, പഞ്ചായത്ത് ഓഫീസ്, കൃഷ്ണപുരം, അക്കരവിള, നാലുമുക്ക്, കൊട്ടാരം തുരുത്ത് വാർഡുകളിലെ കോഴി, താറാവ് ഉൾപ്പെടെയുള്ള വളർത്തു പക്ഷികളെ കൊല്ലും.  ഇവയുടെ മുട്ട, മാംസം, കാഷ്ഠം, തീറ്റ എന്നിവയും കത്തിക്കും.

കിഴുവിലം, കടയ്‌ക്കാവൂർ, കീഴാറ്റിങ്ങൽ ചിറയിൻകീഴ്, മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട് എന്നീ ഗ്രാമപ്പഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം, ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നീ മേഖലകളിൽനിന്നും തിരിച്ചുമുള്ള കോഴി, താറാവ്, വളർത്തുപക്ഷികൾ എന്നിവയുടെ കൈമാറ്റം നിരോധിച്ചിട്ടുണ്ട്.

ആലപ്പുഴ നഗരസഭ എട്ടാം വാർഡ് തിരുമല രത്നാലയത്തിൽ ശിവദാസന്റെ വളർത്തു കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.  തുടർന്ന് തിരുമല വാർഡും സമീപത്തെ പള്ളത്തുരുത്തി വാർഡും ഉൾപ്പെടുന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുന്ന പക്ഷികളെ പിടികൂടി കൊന്ന് കത്തിച്ചു.  കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.  സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ എല്ലാ വളർത്തു പക്ഷികളെയും കൊന്ന് മറവുചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.