Click to learn more 👇

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്ബളവര്‍ദ്ധനവ്; ഇന്ധനത്തിന് മൂന്ന് ലക്ഷം, അലവന്‍സ് 35 ശതമാനം വരെ കൂട്ടാന്‍ ശുപാര്‍ശ


 

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും അലവൻസ് വീണ്ടും വർധിപ്പിക്കാൻ ശുപാർശ.

ശമ്പള വർദ്ധനവ് സംബന്ധിച്ച് വിശദമായ പഠനത്തിന് രൂപീകരിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ അലവൻസുകൾ യഥാക്രമം 30 മുതൽ 35 ശതമാനം വരെ വർധിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.

ദൈനംദിന ചെലവുകൾ ഉയർന്ന സാഹചര്യത്തിൽ ആനുകൂല്യങ്ങളും അലവൻസുകളും സമയബന്ധിതമായി പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സർക്കാർ കമ്മിഷനെ വച്ചത്.  

അത് പ്രകാരം ജൂലൈയിൽ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ ഏകാംഗ കമ്മീഷൻ കഴിഞ്ഞയാഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.  മുൻകാലങ്ങളിലെപ്പോലെ അടിസ്ഥാന ശമ്പളത്തിൽ വലിയ വ്യത്യാസം വരുത്താതെ അലവൻസുകളുടെയും ആനുകൂല്യങ്ങളുടെയും വർധന നടപ്പാക്കാനാണ് ശുപാർശ. പ്രധാനമായും ടിഎ 15 രൂപയിൽ നിന്ന് 20 രൂപയായി പരിഷ്കരിക്കാനും നിർദേശിച്ചിട്ടുണ്ട്.

ഫോൺ സൗകര്യം, ചികിത്സ, താമസം തുടങ്ങി വിവിധ അലവൻസുകൾ വർധിപ്പിക്കാൻ നിർദേശമുണ്ട്. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.  

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തില് വിവാദ സാധ്യത ഒഴിവാക്കാന് തിടുക്കത്തിലുള്ള തീരുമാനമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്.  നേരത്തെ 2018ലാണ് ശമ്പള വർധന നടപ്പാക്കിയത്. മന്ത്രിമാർക്ക് 97,429 രൂപയും എംഎൽഎമാർക്ക് 70,000 രൂപയുമാണ് നിലവിലെ ശമ്പളം.