വിജയ് ആരാധകർ ജനുവരി 11ന് കാത്തിരിക്കുകയാണ്. വംശി പൈഡിപ്പള്ളിയുടെ 'വാരിസ്' പ്രഖ്യാപനം മുതൽ ട്രെയിലറും ഓഡിയോ ലോഞ്ചും വരെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
മാത്രമല്ല, ചിത്രത്തിന്റെ ആദ്യ പ്രേക്ഷക പ്രതികരണം വരുമ്പോൾ, വിജയ്ക്ക് അഭിനന്ദനത്തിന്റെ പ്രവാഹമാണ് ലഭിക്കുന്നത്.
ബിഗ് ബജറ്റ് ചിത്രമായ വാരിസിലെ ഭൂരിഭാഗം അഭിനേതാക്കളും തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം വാരിസിലെ താരങ്ങളുടെ പ്രതിഫലവും ഗംഭീരമാണ്. വിജയ്, രശ്മിക മന്ദാന, എസ്.ജെ.സൂര്യ, സംഗീത, സംയുക്ത കാർത്തിക്, ശരത്കുമാർ, ഷാം, പ്രകാശ് രാജ്, ജയസുധ, യോഗി ബാബു, ശ്രീകാന്ത് മേഖ, ഖുശ്ബു, പ്രഭു തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തിന് വേണ്ടി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രശ്മികയും വിജയുമാണ്. നാല് കോടി രൂപയാണ് നടിയുടെ പ്രതിഫലം. വിജയ് വാരിസിന് വേണ്ടി 100 കോടി വാങ്ങിയെന്നാണ് റിപ്പോർട്ട്. മറ്റൊരു ശ്രദ്ധേയനായ തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് ആണ്. ഒരു കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. 50 ലക്ഷം രൂപയാണ് ചിത്രത്തിനായി പ്രഭു വാങ്ങിയത്. തെന്നിന്ത്യൻ നടി ജയസുധയുടെ പ്രതിഫലം 75 ലക്ഷം.
വിജയ്‌യുടെ 66-ാമത് ചിത്രമായ വാരിസിന്റെ റിലീസിന് എത്തുമ്പോൾ നടൻ തന്റെ അഭിനയ ജീവിതത്തിൽ 30 വർഷം പൂർത്തിയാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 200 കോടി ബജറ്റിലാണ് വാരിസ് ഒരുക്കുന്നത്.
ചിത്രത്തിന് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 50 മിനിറ്റ് (170 മിനിറ്റ്) ആണ് സിനിമയുടെ ദൈർഘ്യം.
ലേഡീസ് ഫാൻസ് ഷോകൾ ഉൾപ്പെടെ നൂറിലധികം സ്പെഷ്യൽ ഷോകൾ വാരിസിന് കേരളത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.