രാജ്യത്തെ ഏറെ വിവാദമായ ഷാരൂഖ് ചിത്രം പഠാന്റെ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്.
നാല് വർഷത്തിന് ശേഷം ഷാരൂഖ് ഖാന്റെ ശക്തമായ തിരിച്ചുവരവാണ് പത്താൻ എന്നാണ് ചിത്രം കണ്ട ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന ബോളിവുഡ് ബോക്സോഫീസിൽ പത്താൻ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആരാധകരുടെ പ്രതീക്ഷകൾക്കപ്പുറമുള്ള അനുഭവമാണ് പത്താൻ നൽകിയതെന്ന് ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിൽ പത്താൻ പ്രദർശനം രാവിലെ ആറു മുതൽ ആരംഭിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 5200 സ്ക്രീനുകളിലാണ് പത്താൻ റിലീസ് ചെയ്യുന്നതെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് പുറത്ത് 2500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആഗോളതലത്തിൽ 7700 സ്‌ക്രീനുകളിൽ ഷോ പ്രദർശിപ്പിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം തുടങ്ങിയ താരങ്ങളും അവരുടെ ബന്ധുക്കളും ഇന്നലെ യാഷ് രാജ് ഫിലിംസ് ഓഫീസിൽ പത്താന്റെ പ്രത്യേക പ്രദർശനം കണ്ടു.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ചു എന്ന് ആരോപിച്ച് ഹൈന്ദവ സംഘടനകൾ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു.