Click to learn more 👇

കൊല്ലത്ത് മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്‌തതിന് മദ്യപസംഘം മര്‍ദിച്ചു; പിതാവ് ജീവനൊടുക്കി


കൊല്ലം: മകളുട് മോശമായി പെരുമാറിയത്  ചോദ്യം ചെയ്തതിന് മദ്യപിച്ചെത്തിയ സംഘം മർദിച്ച പിതാവ് ആത്മഹത്യ ചെയ്തു. കൊല്ലം ആയൂരിലാണ് സംഭവം.

ആയൂർ സ്വദേശി അജയകുമാറാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ട്യൂഷൻ കഴിഞ്ഞ് മകളോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ നാലംഗസംഘം അജയകുമാറിനെയും മകളെയും അസഭ്യം പറയുകയായിരുന്നു.


മകളെ വീട്ടിലെത്തിച്ച ശേഷം തിരിച്ചെത്തിയ അജയകുമാർ മദ്യസംഘത്തെ ചോദ്യം ചെയ്തു. ഇതോടെ ഇവർ ക്രൂരമായി മർദിച്ചു.  കണ്ണിനും മുഖത്തിനും പരിക്കേറ്റു.  പോലീസിൽ പരാതിപ്പെടാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും പ്രതികാരം ചെയ്യുമെന്ന് ഭയന്ന് നാലംഗ സംഘത്തിനെതിരെ പരാതി നൽകിയില്ല.  ഇതിന് ശേഷമാണ് അജയകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മദ്യപസംഘം മർദിച്ചതിൽ മനംനൊന്താണ് അജയകുമാർ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.  ഈ സംഭവത്തിന് ശേഷം ഭക്ഷണം കഴിക്കാതെയും  പുറത്തേക്ക് പോകാതെയും ഇരിക്കുകയായിരുന്നു അജയകുമാർ എന്ന്  ഭാര്യ പറഞ്ഞു.  

അതേസമയം, അജയകുമാറിനെ മർദിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും നിലവിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.