Click to learn more 👇

കോടികളുടെ ബാധ്യത ഏല്‍പ്പിച്ച് കെഎസ്ഇബിയുടെ സ്മാര്‍ട്ട് മീറ്റര്‍;7 വര്‍ഷം ബില്ലില്‍ അധികമായി നല്‍കേണ്ടി വരിക 200 രൂപ


കെഎസ്ഇബിയുടെ സ്മാർട്ട് മീറ്റർ പദ്ധതി ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് കോടികളുടെ ഭാരമാണ്. അടുത്ത ഏഴര വർഷത്തേക്കുള്ള വൈദ്യുതി ബില്ലിനൊപ്പം പ്രതിമാസം 100 രൂപ അധികം നൽകണം.  കെഎസ്ഇബി നടപ്പാക്കുന്ന സ്മാർട് മീറ്റർ പദ്ധതിക്കായി കേന്ദ്രസർക്കാർ അംഗീകരിച്ച ചെലവ് പത്ത് വര്‍ഷത്തേക്ക് 8,175 കോടി രൂപയാണ്. ഇത് കനത്ത സാമ്പത്തിക ബാധ്യതയാണ് അടിച്ചേൽപിക്കാൻ പോകുന്നത്.

കേന്ദ്രസർക്കാർ അംഗീകരിച്ച കണക്ക് 8175 കോടിയാണെങ്കിലും യഥാർഥ ചെലവ് ടെൻഡറിലൂടെ മാത്രമേ അറിയാൻ കഴിയൂവെന്ന് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഒരു സ്മാർട്ട് മീറ്ററിന് 6000 രൂപയാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ചെലവ് ഇനിയും കൂടും.  

ആർ‌ഡി‌എസ്‌എസ് പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ചെലവഴിച്ച തുക 93 മാസത്തിനുള്ളിൽ കരാർ കമ്പനിക്ക് തിരികെ നൽകണം. ഇത് ജനങ്ങളിൽ നിന്ന് വീണ്ടെടുക്കാൻ ആർഡിഎസ്എസ് പദ്ധതി മാർഗരേഖയിൽ പറയുന്നുണ്ട്.  

ഇത് മെയിന്റനൻസ് ചെലവായി കണക്കാക്കി റഗുലേറ്ററി കമ്മിഷനിൽ അടച്ച് മാസാടിസ്ഥാനത്തിൽ ഇടപാടുകാരിൽ നിന്ന് ഈടാക്കാനാണ് നീക്കം. ഇതോടെ ഒരു ഉപഭോക്താവ് പ്രതിമാസം 100 രൂപ അധികം നൽകണം.  നിലവിലെ സംവിധാനത്തിൽ ബില്ലിനൊപ്പം 200 രൂപ നൽകണം.  

ഇതിനായി പ്രോജക്ട് മാനേജ്‌മെന്റ് ഏജൻസിയെ ക്ഷണിച്ചുകൊണ്ടുള്ള ടെൻഡർ സംസ്ഥാന സർക്കാർ വെബ്‌സൈറ്റിൽ വന്നിട്ടുണ്ട്.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.