തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 14 വയസ്സുകാരിയെ വീട്ടിൽ നിന്ന് ഇറങ്ങിവരാന്‍ നിർബന്ധിക്കുകയും തുടർന്ന് പെൺകുട്ടിയുമായി കടന്നുകളയുകയും ചെയ്ത കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ.
വർക്കല അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ കൂടിയാണ്.
ഫെയ്‌സ്ബുക്കിലൂടെയാണ് ഇയാൾ 14 വയസുകാരിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറങ്ങിവരാന്‍ നിർബന്ധിച്ചു. കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ അയിരൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ മൂന്നിന് കേസെടുത്തു.
പെൺകുട്ടിയുടെ സോഷ്യൽ മീഡിയയിലെ ചാറ്റ് വിവരങ്ങൾ പരിശോധിച്ച പോലീസ് ഇതിലൂടെ ലഭിച്ച വിവരങ്ങളിൽ നിന്നാണ് പ്രതിയിലേക്ക് എത്തിയത്. വീട്ടിൽ നിന്നിറങ്ങി കുട്ടിയുമായി ട്രെയിനിൽ എറണാകുളത്തെത്തുകയായിരുന്നു.
പ്രതിയുടെ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് പ്രതിയെയും കുട്ടിയെയും കഴിഞ്ഞ ദിവസം എറണാകുളത്ത് കസ്റ്റഡിയിലെടുത്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾ അറിയാനും മലയാളി സ്പീക്ക്സ് വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനു ക്ലിക്ക് ചെയ്യൂ