Click to learn more 👇

വിവാഹ വേദിയിലേക്ക് വരന്‍റെ ആദ്യഭാര്യയെത്തി; തര്‍ക്കത്തിനൊടുവില്‍ വരന്‍റെ സഹോദരനെ വധു കല്യാണം കഴിച്ചു


 

സംഭാൽ: ആദ്യവിവാഹം മറച്ചുവെച്ച് യുവാവ് വിവാഹം കഴിക്കാൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. വിവാഹ വേദിയിൽ വരന്റെ ആദ്യ ഭാര്യയുടെ സാന്നിധ്യം സംഘർഷത്തിനിടയാക്കുകയും ഒടുവിൽ വധു വരന്റെ ഇളയ സഹോദരനെ വിവാഹം കഴിക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം.

സൈദംഗലി പോലീസ് സ്‌റ്റേഷന് പരിധിയിലുള്ള ഒരു ഗ്രാമത്തിൽ നിന്നുള്ള യുവാവിന്റെ വിവാഹമാണ് മുടങ്ങിയത്.  അസ്മോലി പോലീസ് സ്റ്റേഷൻ പരിധിയിലെ ദവായ് ഖുർദ് ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായി ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നതായി ആജ് തക് റിപ്പോർട്ട് ചെയ്യുന്നു.  

എന്നാൽ ആദ്യവിവാഹം മറച്ചുവെച്ച് യുവാവ് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. അഞ്ച് വർഷം മുമ്പ് അദ്ദേഹം തന്റെ ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ അഞ്ച് കുട്ടികളുണ്ട്. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്ന് കുറച്ചുനാളായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.

വലിയ ആഘോഷത്തോടെയാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. എന്നാൽ വിവാഹദിവസം ആദ്യഭാര്യയും മക്കളും എത്തിയപ്പോഴാണ് സത്യം പുറത്തായത്.  തർക്കം രൂക്ഷമായതോടെ സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.  

യുവാവ് മറ്റൊരു യുവതിയെ രഹസ്യമായി വിവാഹം കഴിച്ചതായി യുവതി ആരോപിച്ചു.  ഇതിനുശേഷം പോലീസ് ഇരുവിഭാഗത്തെയും അസ്മോലി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. 

ഇതിനിടെ പഞ്ചായത്തിലെ ചില മുതിർന്ന അംഗങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി ചർച്ച നടത്തി. വരൻ തന്റെ രണ്ടാം ഭാര്യയെ വിവാഹമോചനം ചെയ്യണമെന്നും വിവാഹമോചനത്തിന് ശേഷം വധു വരന്റെ ഇളയ സഹോദരനെ വിവാഹം കഴിക്കണമെന്നും പഞ്ചായത്ത് തീരുമാനിച്ചു.

സംഭവം ഗ്രാമത്തിൽ വലിയ ചർച്ചയായി.  വിവാഹം യുവാവിന്റേതല്ലെന്നും ഇളയ സഹോദരന്റേതാണെന്നും ആദ്യഭാര്യയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ഗ്രാമവാസികൾ പറഞ്ഞു.