കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾക്ക് വധുവിനെ കണ്ടെത്താൻ പ്രയാസമാണെന്ന് ഗ്രാമവാസികൾ പറയുന്നു. അതേസമയം പെൺഭ്രൂണഹത്യയുടെ പേരിൽ കുപ്രസിദ്ധമായിരുന്ന ജില്ല ഇപ്പോൾ സ്ത്രീകളുടെ വില തിരിച്ചറിയുകയാണെന്ന് വനിതാ കർഷക നേതാവ് സുനന്ദ ജയറാം പറഞ്ഞു.
പുതിയ തലമുറ ലളിതജീവിതം ഇഷ്ടപ്പെടുന്നില്ല. കൃഷിക്ക് അതിന്റെ പ്രതാപം നഷ്ടപ്പെട്ടു. പെൺകുട്ടികളും നഗരങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നു. വധുക്കളുടെ രൂക്ഷമായ ക്ഷാമം നേരിടുന്ന പ്രധാന കാരണങ്ങളാണിതെന്നും സുനന്ദ ജയറാം കൂട്ടിച്ചേർത്തു.
ഈ മാസം തന്നെ പദയാത്ര നടത്താനാണ് യുവാക്കളുടെ തീരുമാനം. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 യുവാക്കൾ 'ബ്രഹ്മചാരിഗല പദയാത്ര' (ബാച്ചിലേഴ്സ് മാർച്ച്) എന്ന പേരിൽ യാത്ര നടത്തും. പദയാത്ര പ്രഖ്യാപിച്ച് ആദ്യ 10 ദിവസത്തിനുള്ളിൽ നൂറോളം ഒറ്റയാളുകൾ പേര് രജിസ്റ്റർ ചെയ്തതായി സംഘാടകർ പറഞ്ഞു. ബെംഗളൂരു, മൈസൂരു, മാണ്ഡ്യ, ശിവമോഗ ജില്ലകളിലെ അവിവാഹിതരും ഗ്രാമീണ യുവാക്കളും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അവിവാഹിതരായ പുരുഷന്മാരെ മാനസിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കുക എന്ന ആശയമാണ് യാത്രയ്ക്ക് പിന്നിലെന്ന് സംഘാടകർ പറഞ്ഞു. ഫെബ്രുവരി 23ന് മദ്ദൂർ താലൂക്കിലെ കെഎം ദൊഡ്ഡി ഗ്രാമത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.യുവജനങ്ങൾ മൂന്ന് ദിവസം കൊണ്ട് 105 കിലോമീറ്റർ താണ്ടി ഫെബ്രുവരി 25ന് എംഎം ഹിൽസിലെത്തും. യാത്രക്കാർക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
30 വയസ്സിനു മുകളിൽ പ്രായമുള്ള അവിവാഹിതരായ പുരുഷൻമാർക്ക് മാത്രമേ പദയാത്രയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.
അനുയോജ്യരായ വധുവിനെ കണ്ടെത്താൻ കഴിയാത്ത യുവാക്കൾക്ക് പ്രചോദനം നൽകുന്നതിനാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകരിലൊരാളായ ശിവപ്രസാദ് പറഞ്ഞു. 'അവർ ഒരുപാട് മാനസിക ആഘാതങ്ങൾ നേരിടുന്നു. അവരെ പ്രചോദിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞാൻ ഈ യാത്ര നടത്തേണ്ടതായിരുന്നു, പക്ഷേ കഴിഞ്ഞില്ല. ഞങ്ങൾ യാത്രക്കാരിൽ നിന്ന് ഒന്നും വാങ്ങുന്നില്ല,' 34 കാരനായ ശിവപ്രസാദ് കൂട്ടിച്ചേർത്തു.