ന്യൂഡൽഹി: ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോർഡ്.
പശു ഇന്ത്യൻ സംസ്‌കാരത്തിന്റെ നട്ടെല്ലാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പശുദിനം ആചരിക്കുന്നതിനായി പുറത്തിറക്കിയ സർക്കുലറിൽ, ഇന്ത്യൻ സമൂഹത്തിൽ പാശ്ചാത്യ സംസ്‌കാരത്തിന്റെ വ്യാപനത്തെയും മൃഗസംരക്ഷണ ബോർഡ് കുറ്റപ്പെടുത്തി. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് 'കൗ ഹഗ് ഡേ' ആചരിക്കാൻ ആഹ്വാനം ചെയ്യുന്നതെന്ന് മൃഗക്ഷേമ ബോർഡ് നിയമോപദേശകൻ വിക്രം ചന്ദ്രവൻഷി പറഞ്ഞു.
ഫെബ്രുവരി ആറിന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. പാശ്ചാത്യ സംസ്‌കാരത്തിന്റെ മുന്നേറ്റം വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചു. പാശ്ചാത്യ സംസ്കാരത്തിന്റെ വ്യാപനം നമ്മുടെ പൈതൃകത്തെ മറന്നുപോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ അഭിവൃദ്ധി കൈവരുത്തും. അതിനാൽ ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാമെന്ന് മൃഗസംരക്ഷണ ബോർഡിന്റെ സർക്കുലറിൽ പറയുന്നു.
ഫെബ്രുവരി 14 വാലന്റൈൻസ് ദിനമായി ആഘോഷിക്കുന്നു. എന്നാൽ ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹൈന്ദവ സംഘടനകൾ മുൻപ് രംഗത്തെത്തിയിട്ടുണ്ട്. പ്രണയദിനത്തിൽ കമിതാക്കളെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
Tag:- Delhi | latest news | February 14 celebration | cow hug day | |