ഇന്ത്യയെക്കുറിച്ച് ഒരുപാട് മോശം കാര്യങ്ങൾ കേട്ടിട്ടുണ്ടെന്നും എന്നാൽ ഇന്ത്യയെ മനോഹരമായ രാജ്യമായാണ് തങ്ങൾ കണ്ടതെന്നും സ്റ്റെഫും പീറ്റും വീഡിയോയിൽ പറയുന്നു.
യാത്രയ്ക്കിടയിൽ നമ്മുടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടാൽ മനസ്സമാധാനമില്ല. പിന്നീട് നമ്മുടെ ഭാഗത്ത് നിന്ന് അത് തിരികെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും. എന്നാൽ ആരെങ്കിലും അത് കണ്ടെത്തി തന്നാലോ ? അത് നമുക്ക് നൽകുന്ന സന്തോഷം ചെറുതല്ല.
യുഎസിൽ നിന്നുള്ള ദമ്പതികൾ സമാനമായ അനുഭവം പങ്കുവച്ചു. യാത്രികരായ സ്റ്റെഫും പീറ്റും തങ്ങളുടെ കുഞ്ഞുമായി ഇന്ത്യ സന്ദർശിക്കുകയായിരുന്നു. ഇതിനിടെ ഗുജറാത്തിൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ സ്റ്റെഫ് തന്റെ പഴ്സ് മറന്നു. എന്നാൽ നാല് ദിവസത്തിനകം അവർക്ക് വാലറ്റ് തിരികെ ലഭിച്ചു. എങ്ങനെയെന്ന് സ്റ്റെഫ് തന്റെ വീഡിയോയിൽ വിശദീകരിക്കുന്നു.
ചിരാഗ് എന്ന യുവാവിന് ട്രെയിനിൽ വെച്ചാണ് ഈ പഴ്സ് ലഭിച്ചത്. പേഴ്‌സിലെ ഐഡി കാർഡും ഡ്രൈവിംഗ് ലൈസൻസും നോക്കി സ്റ്റെഫിനെ തിരിച്ചറിഞ്ഞു. തുടർന്ന് ഇൻസ്റ്റഗ്രാമിൽ സ്റ്റെഫിന് ഒരു സന്ദേശം അയച്ചു. വാലറ്റ് ലഭിച്ചിട്ടുണ്ടെന്നും തിരികെ വന്ന് വാങ്ങണമെന്നുമായിരുന്നു സന്ദേശം.
പിന്നീട് അവർ ചിരാഗിനെ തേടി ഭുജിലെത്തി. ചിരാഗ് ഇവിടെ റസ്റ്റോറന്റ് നടത്തുകയാണ്. യുവാവിനെ കണ്ടയുടൻ അവർ നന്ദി പറഞ്ഞു പേഴ്സ് വാങ്ങി. തുടർന്ന് വീഡിയോയിൽ ചിരാഗിന് പണം നൽകാൻ ശ്രമിക്കുന്നു. എന്നാൽ ചിരാഗ് അത് വാങ്ങാൻ തയ്യാറായില്ല. ഏറെ നിർബന്ധിച്ചിട്ടും ചിരാഗ് പണം സ്വീകരിച്ചില്ല.
വീഡിയോയിലൂടെയാണ് സ്റ്റെഫ് ഈ അനുഭവം പങ്കുവെച്ചത്. അത് തന്നെ സ്പർശിക്കുകയും എന്റെ കണ്ണുകളിൽ കണ്ണീരൊഴുക്കുകയും ചെയ്തുവെന്ന് സ്റ്റെഫ് പറയുന്നു. ഇന്ത്യയെക്കുറിച്ച് ഒരുപാട് മോശം കാര്യങ്ങൾ കേട്ടിട്ടുണ്ടെന്നും എന്നാൽ ഇന്ത്യയെ മനോഹരമായ രാജ്യമായാണ് തങ്ങൾ കണ്ടതെന്നും സ്റ്റെഫും പീറ്റും വീഡിയോയിൽ പറയുന്നു.
ഇതിന് താഴെ നിരവധി പേരാണ് ചിരാഗിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ചിരാഗ് ഇന്ത്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാണെന്നായിരുന്നു കമന്റ്. ഇന്ത്യ മനോഹരമായ രാജ്യമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.