Click to learn more 👇

ഇസ്രയേലില്‍ ദിവസക്കൂലി 15000 രൂപ, മലയാളി കര്‍ഷക സംഘത്തിലുള്ളവര്‍ കൃഷിയില്‍ ശ്രദ്ധിച്ചപ്പോള്‍ ബിജുവിന്റെ കണ്ണ് പതിഞ്ഞത് അവിടത്തെ പണിക്കൂലിയില്‍


തിരുവനന്തപുരം: ഇസ്രായേലിൽ മുങ്ങിയ കർഷകൻ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താനായില്ല.

ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഇസ്രായേൽ പോലീസ് സൈബർ വിഭാഗത്തിന്റെ അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ല. ഇതോടെ മുങ്ങിയതാണ് എന്നുള്ള  സംശയം ബലപ്പെട്ടു. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകന്റെ നേതൃത്വത്തിൽ ആധുനിക കൃഷിരീതികൾ പഠിക്കാൻ ഇസ്രയേലിൽ പോയ മറ്റു കർഷകർ ഇന്നലെ തിരിച്ചെത്തിയിരുന്നു.

കൃത്യമായ ആസൂത്രണത്തോടെയാണ് ബിജു മുങ്ങിയതെന്ന് തിരിച്ചുവന്ന കർഷകരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. യാത്ര തുടങ്ങുന്നതിന് മുമ്പ് ബിജു 50,000 രൂപ ഇസ്രയേലി കറൻസിയാക്കി കൈയിൽ കരുതിയിരുന്നതായി കൂടെയുണ്ടായിരുന്നവർ പറഞ്ഞു.  

ഇസ്രായേലിൽ തുടരാനുള്ള നേരത്തെയുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഇതെന്ന് സംശയമുണ്ട്.  ഇയാളുടെ ചില സുഹൃത്തുക്കളും ബന്ധുക്കളും ഇസ്രായേലിലുണ്ടെന്നാണ് അറിയുന്നത്.  ബിജു അവരുമായി ആശയവിനിമയം നടത്തി.

കേരളത്തിൽ നിന്നെത്തിയ കർഷകർ ഇസ്രയേലി കൃഷിരീതികൾ പഠിക്കുമ്പോഴാണ് അവിടെയുള്ള കൂലിയെക്കുറിച്ച് ബിജു ശ്രദ്ധിച്ചത്.  ബിജു ഈ വിവരം മറ്റു കർഷകരുമായി പങ്കുവച്ചു.  

ഇവിടെ ശുചീകരണ ജോലി ചെയ്താൽ ദിവസം 15,000 രൂപ കിട്ടുമെന്ന് അറിഞ്ഞതോടെ ബിജു ആവേശത്തോടെ അതിനെക്കുറിച്ച് സംസാരിച്ചു. കൃഷിപ്പണിക്ക് ഇരട്ടി കിട്ടുമെന്നും പറഞ്ഞു.

 മേയ് ഏഴുവരെയാണ് ബിജുവിന്റെ വിസ കാലാവധി.യാത്ര തുടങ്ങിയതുമുതൽ ബിജു ആരോടും സഹകരിക്കാതെ ഒതുങ്ങി നടക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന കര്‍ഷകര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം തയ്യാറാക്കിയിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പോകാന്‍ ഇറങ്ങിയെങ്കിലും ഇയാള്‍ കൂടെ ഉണ്ടായിരുന്നില്ലെന്ന് സംഘത്തിലുണ്ടായിരുന്ന ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി സുജിത് പറഞ്ഞു

ചിലർ രാത്രി ഭക്ഷണം ഒഴിവാക്കിയതിനാൽ സംശയം തോന്നിയില്ല. ഭക്ഷണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ബിജുവിനെ കാണാനില്ല.  ഇയാളുടെ ഒരു ബാഗും ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ അടങ്ങുന്ന മറ്റൊരു ബാഗ് ഉണ്ടായിരുന്നു. അടുത്ത ദിവസം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാണാതായതോടെ പരാതി നൽകുകയായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.