ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ധന്യയെ വീട്ടിലെ കിടപ്പുമുറിയിലെ കുളിമുറിയിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം അഞ്ചൽ അമയമംഗലം സ്വദേശിയായ അഖിലുമായി ധന്യ ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ 15നാണ് ധന്യയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ധന്യ അഖിലിനൊപ്പമുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് വീട്ടുകാരുടെ മധ്യസ്ഥതയിൽ രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് അഖിൽ പോലീസിന്റെ സാന്നിധ്യത്തിൽ ഉറപ്പ് നൽകി. ഇതോടെ ധന്യ കുടുംബത്തോടൊപ്പം പോയി. വ്യാഴാഴ്ച വിവാഹം രജിസ്റ്റർ ചെയ്യാൻ ധന്യയും കുടുംബവും ഇട്ടിവ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയെങ്കിലും അഖിൽ എത്തിയില്ല.
ധന്യയും കുടുംബവും അഖിലിന്റെ ഫോണിൽ പലതവണ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അഖിലിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാൽ ധന്യയുമായി വീട്ടുകാർ മടങ്ങി. ഈ മാനസിക വിഭ്രാന്തിയെ തുടർന്നാണ് ധന്യ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കടയ്ക്കൽ പോലീസ് കേസെടുത്തു. അഖിൽ ഒളിവിലാണ്.