മാഹി: ഹൈടെക് ആയുർവേദിക് മസാജ് സെന്ററിന്റെ മറവിൽ വൻ അനാശാസ്യ പ്രവർത്തനം. സംഭവത്തിൽ മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിച്ചിരുന്ന ആയുർവേദ കേന്ദ്രം മാഹി പൊലീസ് പൂട്ടിച്ചു.
ഉടമ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഷാജി (49) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം കർണാടക സ്വദേശിയായ പെൺകുട്ടിയും ഉണ്ടായിരുന്നു. ഫോൺ വഴിയാണ് മസാജ് സെന്ററിലേക്ക് ആളുകളെ ആകർഷിച്ചത്. മണിക്കൂറിന് രണ്ടായിരം രൂപ ഈടാക്കും. സ്ഥാപനം എവിടെയാണെന്ന് കൃത്യമായി ഉപഭോക്താവിനെ അറിയിക്കില്ല. മാഹി പള്ളിക്ക് സമീപം എത്താൻ ആവശ്യപ്പെടുക. അവിടെ കാത്തുനിൽക്കുന്നയാൾ ഉപഭോക്താവിനെ മസാജ് സെന്ററിലെത്തിക്കും.
കേരളത്തിന് പുറമെ കർണാടക, മണിപ്പൂർ, ബംഗാൾ, അസം മേഖലകളിൽ നിന്നുള്ള പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും കൊണ്ടുവരുന്നത്. എല്ലാ ആഴ്ചയും പെൺകുട്ടികളെ കേരളത്തിലെ ഇതുപോലെ പ്രവര്‍ത്തിക്കുന്ന അനാശാസ്യകേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്നു. അവിടെ നിന്ന് പുതിയ ആളുകളെ ഇങ്ങോട്ട് കൊണ്ടുവരും.
പോലീസ് കസ്റ്റഡിയിലുള്ള ഓപ്പറേറ്ററുടെ ഫോണിലേക്ക് ഉപഭോക്താക്കളിൽ നിന്ന് തുടർച്ചയായി കോളുകൾ വരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. അടുത്തിടെ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഷാഡോവര്‍ക്ക് നടത്തി ഇവരെ വിദഗ്ധമായി പിടികൂടി സ്ഥാപനം പൂട്ടിച്ചു.
മയ്യഴിയിലെ മറ്റ് ചില ലോഡ്ജുകളിലും അനാശാസ്യം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് പറഞ്ഞു.