ന്യൂഡൽഹി: പാൻ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31. ഇതിന് ശേഷം പാൻ നമ്പറുകൾ പ്രവർത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്.
പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ആദായനികുതി അടക്കാനാകില്ല. പാൻ നമ്പർ ഒരു പ്രധാന കെവൈസി സംവിധാനമായതിനാൽ ബാങ്ക് ഇടപാടുകളും നടക്കില്ല. പാൻ കാർഡ് വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ ചെറിയ അക്ഷരത്തെറ്റുണ്ടായാൽ തന്നെ പിഴ ഈടാക്കും. ഒരാൾക്ക് രണ്ട് പാൻകാർഡുകൾ ഉണ്ടെങ്കിലും പിഴ അടയ്‌ക്കേണ്ടി വരും.
ഇ-ഫയലിംഗ് പോർട്ടൽ വഴിയും എസ്എംഎസ് വഴിയും പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം.
SMS വഴി ലിങ്ക് ചെയ്യുന്ന വിധം: UIDPAN ഫോർമാറ്റിൽ സന്ദേശം ടൈപ്പ് ചെയ്യുക, UIDPAN ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത ശേഷം ആധാർ നമ്പറും പാൻ നമ്പറും ടൈപ്പ് ചെയ്യുക രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 56161 അല്ലെങ്കിൽ 567678 എന്ന നമ്പറിലേക്ക് SMS അയക്കുക.
incometaxindiaefiling.gov.in എന്ന പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യണം. പാൻ നമ്പർ യൂസർ ഐഡിയായി നല്‍കി വേണം രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടർന്ന് വരുന്ന വിൻഡോയിൽ നിങ്ങളുടെ പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യാം.
പോപ്പ് അപ്പ് വിൻഡോ ദൃശ്യമാകുന്നില്ലെങ്കിൽ, മെനു ബാറിലെ പ്രൊഫൈൽ സെറ്റിംഗ്സിൽ പോയി ലിങ്ക് ആധാർ എന്നതിൽ ക്ലിക്ക് ചെയ്യാം. വിശദാംശങ്ങൾ പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അവസാനം ലിങ്ക് നൗവില്‍ ക്ലിക്ക് ചെയ്ത് വേണം നടപടികള്‍ പൂര്‍ത്തിയാക്കാന്‍.
പാൻകാർഡ് ആധാർ കാർഡുമായി ഓൺലൈനിൽ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം
pan.utiitsl.com/panaadhaarlink/forms/pan.html/panaadhaar സന്ദർശിക്കുക
നിങ്ങളുടെ പാൻ നമ്പറും ജനനത്തീയതിയും നൽകുക.
സുരക്ഷാ ക്യാപ്‌ച നൽകി അത് സമർപ്പിക്കുക.
നിങ്ങളുടെ ആധാറും പാൻ കാർഡും ലിങ്ക് ചെയ്യുന്നതിന്റെ സ്റ്റാറ്റസ് സ്ക്രീനിൽ പ്രദർശിപ്പിക്കും.