പാമ്പുകളുടെ ഇഷ്ടഭക്ഷണമാണ് പക്ഷിമുട്ട. മരപ്പൊത്തുകളിലും കൂടുകളിലും പക്ഷികൾ സൂക്ഷിക്കുന്ന മുട്ടകൾ പാമ്പുകൾ തിന്നുന്നത് പതിവാണ്.
ഒരുപാട് വലിപ്പമുള്ള പക്ഷിമുട്ട വിഴുങ്ങാൻ ശ്രമിക്കുന്ന പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താങ്ങാവുന്നതിലും വലിപ്പമുള്ള മുട്ട വിഴുങ്ങാൻ പാമ്പ് ശ്രമിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് പകർത്തിയ ദൃശ്യമാണിത്. സംരക്ഷിത ഇനമായ ബ്ലാക്ക്‌സ്മിത്ത്‌സ് ലാപ്‌വിംഗ്‌സ് എന്ന പക്ഷിയുടെ മുട്ടയാണ് പാമ്പ് വിഴുങ്ങിയത്. ഫ്രാങ്ക് ഡി ബിയർ എന്ന ഗൈഡാണ് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത്.
11111111
സഫാരിക്കിടെ ഫ്രാങ്കും വിനോദസഞ്ചാരികളും പക്ഷികളുടെ നിലക്കാത്ത കരച്ചിൽ കേട്ടു. അപ്പോഴാണ് പാമ്പിനെ കാണുന്നത്. തുറസ്സായ സ്ഥലത്ത് കൂടുണ്ടാക്കിയ പക്ഷികളുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞു വരുകയായിരുന്നു. പാമ്പിനെ കണ്ട പക്ഷികൾ അതിനെ ആക്രമിക്കാൻ ശ്രമിച്ചു. പാമ്പ് മുട്ടയിൽ എത്താതിരിക്കാൻ പക്ഷികൾ പാമ്പിനെ ആക്രമിച്ചെങ്കിലും പാമ്പ് മുട്ടയുടെ അടുത്തെത്തി മുട്ടകളിലൊന്ന് വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു. ഈ പക്ഷികൾക്ക് അസാധാരണമായ വലിപ്പത്തിലുള്ള മുട്ടകളാണ് ഉള്ളത്. അതുകൊണ്ട് പാമ്പ് അത് വിഴുങ്ങാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.
മുട്ട വായിലിട്ട പാമ്പ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മുട്ട മുഴുവനായി വിഴുങ്ങി. മുട്ട മുഴുവനായി വിഴുങ്ങിയ പാമ്പിന്റെ കഴുത്ത് ബലൂൺ പോലെ വീർത്തു. പക്ഷികൾ ശബ്ദമുണ്ടാക്കി, പക്ഷേ പാമ്പ് വിഴുങ്ങിയ മുട്ടയുമായി ചെടികൾക്കിടയിൽ ഒളിച്ചു. അപൂർവ കാഴ്ച കണ്ടാണ് സഞ്ചാരികളും അവിടെ നിന്ന് മടങ്ങിയത്.