നെന്മേനി: നെന്മേനി പഞ്ചായത്തിലെ പാടിപറമ്പിലെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. കഴുത്തിൽ കുരുക്ക് മുറുക്കിയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വനംവകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിൽ എത്തിച്ചു.
പൊൻമുടി കോട്ട മേഖലയിൽ ഭീതി വിതച്ചത് കടുവയാണോയെന്ന് സംശയമുണ്ടെങ്കിലും ഔദ്യോഗിക പരിശോധനാ നടപടികൾക്ക് ശേഷമേ ഇക്കാര്യം വ്യക്തമാകൂ.
മറ്റേതോ മൃഗത്തിനായി ഒരുക്കിയ കെണിയിലാണ് കടുവ കുടുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.