പാവലിനോട് സാമ്യമുള്ള പഴമാണ് ഇത്. മധുരപ്പാവൽ എന്നും അറിയപ്പെടുന്നു. ഇതിന്റെ വിത്തും പൾപ്പും തൊലിയുമെല്ലാം ഭക്ഷ്യയോഗ്യമാണ്. ഒപ്പം പോഷകസമൃദ്ധവും. ശാസ്ത്രീയനാമം മോർമോഡിക്ക കൊച്ചിൻ ചയ്‌നേൻസിസ് (Momordica Cochinchinensis) എന്നാണ്. പൊതുവെ ഇറക്കുമതി ചെയ്യുന്ന ഈ പഴവർഗം കേരളത്തിൽ കൃഷിചെയ്യാമെന്ന് വെള്ളാനിക്കര കാർഷിക സർവകലാശാല ശുപാർശ ചെയ്യുന്നുണ്ട്. പച്ചയ്‌ക്ക് തൊലിയുൾപ്പെടെ കറിവച്ചും പഴുത്തശേഷം തൊലികൾ വേർപെടുത്തി നേരിട്ടും പാനീയമാക്കിയും കഴിക്കാം.
ബീറ്റാകരോട്ടിൻ, ലൈക്കോപ്പിൻ എന്നിവ ധാരാളമുണ്ട്. 69 ശതമാനം അപൂരിത കൊഴുപ്പാണ്. പഴത്തിന്റെ മാംസത്തിന് മഞ്ഞനിറവും വിത്തിനും പാളികൾക്കും ചുവപ്പുനിറവുമാണ്. കൃഷിരീതി പാവൽ, പടവലം എന്നിവപോലെ കൃഷിചെയ്യാം. നട്ട് ഒരു വർഷമാകുമ്പോൾ പൂത്തുതുടങ്ങും. ഒരു ചെടിയിൽനിന്ന് ഒരുവർഷം 30-–-60 പഴംവരെ ലഭിക്കും. വിത്ത് മുളപ്പിച്ചും ആൺ-, പെൺ ചെടികളുടെ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്തും തൈകളുണ്ടാക്കാം. മൂത്ത തൈകളുടെ കമ്പ് വേരുപിടിപ്പിച്ചും തൈകളാക്കാം. പന്തലിൽ പടർത്തിയും വേലിയിൽ പടർത്തിയുമാണ് കൃഷിരീതി. വള്ളികൾക്ക് 20 മീറ്റർ വരെ നീളമുണ്ടാകും. സൂര്യപ്രകാശവും വളക്കൂറും ജലസേചന സൗകര്യവും വേണം. കുഴിയെടുത്ത് അതിൽ പോട്ടിങ് മിശ്രിതം നിറച്ച് തൈകൾ നടാം.
ജൈവവളം ധാരാളമായി ചേർക്കുക. എല്ലുവളം ചേർക്കുന്നതും നല്ലത്. ആൺച്ചെടിയും പെൺച്ചെടിയും വേണമെന്നതാണ് ഇതിന്റെ പ്രത്യേകത. പരാഗത്തിനായി 10 ചെടിക്ക് ഒരാൺച്ചെടി എന്നതാണ് അനുപാതം. നവംബർ മുതൽ ഫെബ്രുവരിവരെയാണ് പൂക്കാലം. വർഷത്തിൽ രണ്ടുമൂന്നു തവണ പൂക്കും. കുലകളായും ഒറ്റപ്പെട്ടും പൂക്കളുണ്ടാകും. കൃത്രിമ പരാഗവും ചെയ്യാം.
കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ട് മനസിലാക്കാം