ഫോറൻസിക് ആൻഡ് ലീഗൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
41 കാരനായ ഇയാൾ വയാഗ്ര എന്ന പേരിൽ വിൽക്കുന്ന സില്‍ഡെനാഫിലിൻ ഗുളികയാണ് കഴിച്ചത്, തന്റെ വനിതാ സുഹൃത്തിനൊപ്പം ഹോട്ടൽ മുറിയിൽ മദ്യപിച്ചു കൂടെ രണ്ട് 50 മില്ലിഗ്രാം ലൈംഗിക ഉത്തേജന ഗുളികകൾ കഴിച്ചു. അടുത്ത ദിവസം യുവാവിന് ശാരീരികസ്വാസ്ഥ്യം തോന്നിത്തുടങ്ങി. പിന്നെ നിർത്താതെ ഛർദ്ദിക്കാൻ തുടങ്ങി. നില വഷളായതിനെ തുടർന്ന് വനിതാ സുഹൃത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണത്തെ സാരമായി ബാധിക്കുന്ന സെറിബ്രോവാസ്കുലാര്‍ രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി. അമിത രക്തസമ്മർദ്ദമുള്ള യുവാവ് മദ്യത്തോടൊപ്പം ലൈംഗിക ഉത്തേജക ഗുളികയും കഴിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിൽ യുവാവിന്റെ മൃതദേഹത്തിൽ നിന്ന് 300 ഗ്രാം കട്ടപിടിച്ച രക്തം ഡോക്ടർമാർ കണ്ടെത്തിയതായി കേസ് സ്റ്റഡി വ്യക്തമാക്കുന്നു.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഉദ്ധാരണക്കുറവ് മരുന്ന് കഴിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് പഠനത്തിന്റെ രചയിതാക്കൾ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.