Click to learn more 👇

'പിന്നെ കത്രിക ഞാന്‍ വിഴുങ്ങിയതാണോ?'; ആരോഗ്യ മന്ത്രിയിലുള്ള വിശ്വാസവും നഷ്ടപ്പെട്ടുവെന്ന് ഹര്‍ഷിന


കോഴിക്കോട്: അഞ്ച് വർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിൽ അട്ടിമറി നടന്നതായി യുവതി.

'മെഡിക്കല്‍ കോളേജില്‍ നിന്നല്ലെങ്കില്‍ എവിടെ നിന്നാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് പറയണം. ‌ഞാന്‍ വിഴുങ്ങിയതാണോ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായത്. ആരോഗ്യവകുപ്പിലും മന്ത്രിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു.  നീതി കിട്ടും വരെ പോരാടും.'- ഹർഷിന പറഞ്ഞു.

വിദഗ്ധ സംഘത്തിന്റെ അന്വേഷണത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിന്റേതല്ലെന്ന് കണ്ടെത്തി.  

2017ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയൻ നടത്തിയിരുന്നു. അന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻസ്ട്രുമെന്റൽ രജിസ്ട്രേഷൻ ഉൾപ്പെടെ എല്ലാ രേഖകളും ഉണ്ടായിരുന്നു.  അതിൽ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ല.  അതിനുമുമ്പ് 2012ലും 2016ലും താമരശ്ശേരി ആശുപത്രിയിൽ സിസേറിയൻ നടത്തിയിരുന്നു. എന്നാൽ അന്ന് ഇൻസ്ട്രുമെന്റൽ രജിസ്റ്ററില്ലാത്തതിനാൽ കത്രിക എവിടുത്തെയാണെന്ന് കണ്ടെത്താൻ മെഡിക്കൽ സംഘത്തിന് കഴിഞ്ഞില്ല. കാലപ്പഴക്കം നിർണയിക്കാൻ ഫോറൻസിക് സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്.

ഹർഷിനയുടെ പരാതിയെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ട് സമിതികളെ വച്ച് അന്വേഷണം നടത്തി.  രണ്ടിലും കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്ന് കണ്ടെത്താനായില്ല.

ആദ്യ അന്വേഷണത്തിന് ശേഷം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.  തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും തൃശൂർ ജില്ലാ ആശുപത്രിയിലെയും ശസ്ത്രക്രിയ, ഗൈനക്കോളജി ഡോക്ടർമാരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.