മണിക്കൂറുകളോളം ബന്ധനത്തില്‍ കഴിഞ്ഞ യുവതിയെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. അക്രമികളെ ഭയന്ന് നാട്ടുകാര്‍ ഇടപെട്ടിരുന്നില്ല. സംഭവത്തില്‍ പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവര്‍മാരുമായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവരെ പൊലീസ് പിടികൂടി.
മാര്‍ത്താണ്ഡത്ത് സ്വകാര്യ സ്ഥാപനം നടത്തുന്ന യുവതിയാണ് അവഹേളനത്തിന് ഇരയായത്. ഭര്‍ത്താവ് മരിച്ച 35കാരിയായ യുവതി അമ്മയോടൊപ്പമാണ് കഴിയുന്നത്. ഈ ഓട്ടോ ഡ്രൈവര്‍മാര്‍ മുമ്ബും ഇവരെ പരിഹസിച്ച സംഭവമുണ്ടായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ഒമ്ബത് മണിയോടെ യുവതി പോകുമ്ബോഴും ഇത് ആവര്‍ത്തിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ സംഘം ചേര്‍ന്ന് യുവതിയെ കെട്ടിയിട്ടത്.
നിരവധിപേര്‍ സംഭവം കണ്ടുനിന്നെങ്കിലും അക്രമികളുടെ ഭീഷണിയെ തുടര്‍ന്ന് അവര്‍ യുവതിയെ രക്ഷിയ്ക്കാനെത്തിയില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അരുമന പൊലീസ് വിവരമറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്.