Click to learn more 👇

അലി അക്ബര്‍ മുംതാസിനെ ചുറ്റികയ്ക്ക് അടിച്ചു, കഴുത്തിന് വെട്ടി, തടയാനെത്തിയ ഭാര്യാമാതാവ് സഹീറയെയും വെട്ടി; പൊലീസ് പറയുന്നത് ഇങ്ങനെ


 

തിരുവനന്തപുരം: അരുവിക്കര അഴീക്കോട് വളവെട്ടിക്ക് സമീപം പുലിക്കുഴിയില്‍ അര്‍ഷാസില്‍ അലി അക്ബര്‍ (56) ഭാര്യ

മുംതാസിനെയും (47) ഭാര്യാമാതാവ് സഹീറയെയും (67) വെട്ടിക്കൊന്നതിന് പിന്നില്‍ കടബാദ്ധ്യതകളും കുടുംബപ്രശ്നവുമെന്ന് പൊലീസ്. ഇക്കാര്യം സൂചിപ്പിച്ച്‌ അലി അക്ബര്‍ എഴുതിയ എട്ടുപേജോളം വരുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന ശേഷം പെട്രോളൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം മെഡി. കോളേജിലെ നഴ്സിംഗ് കോളേജ് സീനിയര്‍ സൂപ്രണ്ടായ അലി അക്ബര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നെടുമങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപികയാണ് മുംതാസ്. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് വളവെട്ടിക്ക് സമീപം പുലിക്കുഴിയിലെ വീട്ടില്‍ നാടിനെ ഞെട്ടിച്ച ദാരുണ സംഭവം അരങ്ങേറിയത്.

പൊലീസ് പറയുന്നത്: അലി അക്ബര്‍, ഭാര്യ മുംതാസ്, ഇവരുടെ മകള്‍ അര്‍ഷിത, മുംതാസിന്റെ മാതാവ് സഹീറ എന്നിവരാണ് സംഭവദിവസം വീട്ടിലുണ്ടായിരുന്നത്. ഇന്‍ഫോപാര്‍ക്കില്‍ എന്‍ജിനിയറായ മകന്‍ അര്‍ഫന്‍ എറണാകുളത്തായിരുന്നു.

മണക്കാട് സ്വദേശിയായ അലി അക്ബറും ഭാര്യ നെടുമങ്ങാട് ആനാട് സ്വദേശിയായ മുംതാസും 15 വര്‍ഷം മുമ്ബാണ് വളവെട്ടി പുലിക്കുഴിയില്‍ വസ്തുവാങ്ങി വീടുവയ്ക്കുന്നത്. ദാമ്ബത്യപ്രശ്നങ്ങള്‍ രൂക്ഷമായതോടെ ഇരുനിലവീട്ടില്‍ അലി അക്ബര്‍ മുകള്‍ നിലയിലും മുംതാസും മക്കളും ഉമ്മ സഹീറയ്ക്കൊപ്പം താഴത്തെ നിലയിലുമായിരുന്നു താമസം. വിവാഹമോചനത്തിന് നെടുമങ്ങാട് കുടുംബ കോടതിയില്‍ പെറ്റിഷന്‍ നല്‍കിയിട്ടുണ്ട്.

റംസാന്‍ നോമ്ബിലായിരുന്ന മുംതാസ് ഭക്ഷണം തയ്യാറാക്കാനായി പുലര്‍ച്ചെ അടുക്കളയിലെത്തിയപ്പോള്‍ കാത്തുനിന്ന അലി അക്ബര്‍ കഴുത്തില്‍ വെട്ടുകയും തലയില്‍ ചുറ്റികയ്ക്ക് അടിക്കുകയും ചെയ്തു. നിലവിളി കേട്ടെത്തിയ മാതാവ് സഹീറയെയും അലി അക്ബര്‍ വെട്ടി. നിലവിളി കേട്ട് മകള്‍ അര്‍ഷിത ഓടിയെത്തിയെങ്കിലും വിരട്ടിയോടിച്ചു. അയല്‍വീട്ടിലേക്ക് ഓടിയ അര്‍ഷിത ആളുകളെ കൂട്ടിവരുമ്ബോഴേക്കും മുംതാസും സഹീറയും രക്തം വാര്‍ന്ന് അബോധാവസ്ഥയിലായിരുന്നു.

അയല്‍ക്കാര്‍ വരുന്നത് കണ്ട് മുറിയില്‍ കയറി പെട്രോള്‍ ശരീരത്തിലൊഴിച്ച്‌ തീകൊളുത്തിയ അലി അക്ബര്‍ ശരീരമാസകലം പൊള്ളലേറ്റ് അബോധാവസ്ഥയിലായി. അരുവിക്കര പൊലീസെത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സഹീറ വ്യാഴാഴ്ച രാവിലെയും മുംതാസ് വൈകിട്ട് അഞ്ചരയോടെയും മരിച്ചു. 

കഴുത്തിലേറ്റ മാരകമായ വെട്ടും തലയില്‍ ചുറ്റികയ്ക്കടിച്ചതും ശരീരത്തില്‍ സ്ക്രൂഡ്രൈവറിനുള്ള കുത്തുമാണ് മരണകാരണം. താനാണ് കൃത്യം നടത്തിയതെന്ന അലി അക്ബറിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. സഹീറയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മുംതാസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അരുവിക്കര പൊലീസ് കേസെടുത്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.