ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ രോഗി ആക്രമിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരായ മധു, വിക്രം എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കാലില്‍ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം സ്വദേശി ദേവരാജാണ് ആക്രമിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ദേവരാജനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ പെട്ടെന്ന് നഴ്സിംഗ് റൂമില്‍ കയറി ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇത് തടയാനായിട്ടാണ് സുരക്ഷാ ജീവനക്കാരെത്തിയത്. തുടര്‍ന്ന് പ്രതി നഴ്സിംഗ് റൂമിലുണ്ടായിരുന്ന കത്രികയെടുത്ത് ഇവരെ കുത്തുകയായിരുന്നു. വിക്രമിന് വയറ്റിലാണ് കുത്തേറ്റത്.
പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ദേവരാജനെ പിടികൂടാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും പരിക്കേറ്റു. പ്രതി പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേവരാജന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാനസിക അസ്വസ്ഥതകളുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.