Click to learn more 👇

വര്‍ക്കല പാരാഗ്ളൈഡിംഗ് അപകടം; മൂന്നുപേര്‍ അറസ്റ്റില്‍, പരിക്കേറ്റ യുവതിയില്‍ നിന്ന് സ്റ്റാംപ് പേപ്പറില്‍ ഒപ്പിട്ടുവാങ്ങി


വർക്കല: പാരാഗ്ലൈഡിങ്ങിനിടെ കോയമ്പത്തൂർ സ്വദേശിനിയായ യുവതിയും പരിശീലകനും ഹൈമാസ്റ്റ് ലൈറ്റ് തൂണിൽ കുടുങ്ങിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പാരാഗ്ലൈഡിങ് പരിശീലകൻ സന്ദീപ്, പാരാഗ്ലൈഡിങ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് ​​എന്നിവരാണ് അറസ്റ്റിലായത്.

ഫ്ലൈ അഡ്വഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തു.  കമ്പനി ഉടമകൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പാപനാശത്തിൽ പാരാഗ്ലൈഡിങ്ങിന് കമ്പനിക്ക് അനുമതിയില്ലെന്നും പൊലീസ് വ്യക്തമാക്കി.  മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായും പോലീസ് സംശയിക്കുന്നു.  അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിനിയിൽ നിന്ന് പാരാഗ്ലൈഡിംഗ് കമ്പനിയിലെ ജീവനക്കാരി സ്റ്റാംപ് ഒട്ടിച്ച വെള്ളപേപ്പറില്‍ ഒപ്പ് വാങ്ങിയിരുന്നു.  ആശുപത്രി ജീവനക്കാരനെന്ന വ്യാജേനയാണ് ഒപ്പ് സമ്പാദിച്ചത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യണമെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ വർക്കല പാപനാശം ബീച്ചിൽ പാരാഗ്ലൈഡിങ്ങിനിടെ യുവതിയും പരിശീലകനും അപകടത്തിൽപ്പെട്ടു. രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. പോലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. താഴെ അഗ്നിശമനസേന വിരിച്ച വലയിൽ 25 അടി ഉയരത്തിൽ നിന്നാണ് ഇരുവരും വീണത്.  ഇരുവർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്. അതേസമയം തനിക്ക് പാരാഗ്ലൈഡിംഗ് ലൈസൻസ് ഉണ്ടെന്ന് സന്ദീപ് പറയുന്നു. പാരാഗ്ലൈഡിംഗ് ലൈസൻസ് ഉണ്ട്. കാറ്റിന്റെ ദിശയാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.