രാജധാനി എക്സ്പ്രസില്‍ വെച്ച് സഹയാത്രികനായ സൈനികന്‍ മദ്യം നല്‍കി പീഡിപ്പിച്ചുവെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമല്ലെന്ന് പ്രാഥമികമായി ഉറപ്പിച്ച് റെയില്‍വേ പോലീസ്.
വൈകിട്ട് മൂന്ന് മണിക്കും ഏഴ് മണിക്കും ഇടയിലായിരുന്നു പീഡനമെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതി കേള്‍വിക്കാരില്‍ സംശയം ജനിപ്പിച്ചിരുന്നു. സഹയാത്രികരുള്ളപ്പോള്‍ ഇതെങ്ങനെ സാധ്യമാകുമെന്നായിരുന്നു ഇവരുടെ ചോദ്യം. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് റിമാന്‍ഡിലുള്ള സൈനികന്‍ പ്രതീഷ് കുമാറിനെയും, പരാതിക്കാരിയായ പെണ്‍കുട്ടിയെയും വൈദ്യപരിശോധനയ്ക്കായി എത്തിച്ചതോടെ ലഭിച്ചിരിക്കുന്നത്.
ഡോക്ടര്‍മാരുടെ പരിശോധനയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞു. പീഡനം സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയുകയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എസ്.എച്ച്.ഒ ക്രിസ്പിന്‍. അന്വേഷണ വീഥിയില്‍ ഇനി ബാക്കിയുള്ളത് സഹയാത്രികരുടെ മൊഴിയെടുക്കല്‍ മാത്രമാണ്. സംഭവദിവസം പെണ്‍കുട്ടിക്കും സൈനികനുമൊപ്പം ഇതേ കമ്ബാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തവരുടെ മൊഴി രേഖപ്പെടുത്തും.
സംഭവ ദിവസം ഭാര്യയെ കൂട്ടിക്കൊണ്ട് വരാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് കണ്ടത് കാല് നിലത്തുറയ്ക്കാതെ ആടിക്കുഴഞ്ഞ് നില്‍ക്കുന്ന ഭാര്യയാണ്. മദ്യത്തിന്റെ അതിരൂക്ഷമായ ഗന്ധമുണ്ടായിരുന്നു. ചോദിച്ചപ്പോഴാണ്, സഹയാത്രികനായ സൈനികന്‍ സെവന്‍ അപ്പില്‍ മദ്യം കലര്‍ത്തി നല്‍കി, തന്നെ പീഡിപ്പിച്ച വിവരം യുവതി പറയുന്നത്. കേസില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന ഉറച്ച നിലപാടിലാണ് പോലീസ്.
രാജധാനി എക്സ്പ്രസില്‍ അന്നേദിവസം, യാത്ര ചെയ്തവരുടെ എല്ലാവരുടെയും മൊഴി രേഖപ്പെടുത്തും. മദ്യം നല്‍കിയെന്ന യുവതിയുടെ വാദം ശരിയാണെന്നും, എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും പ്രതിയായ പ്രതീഷ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഴകീറി പരിശോധിക്കാന്‍ പോലീസ് തയ്യാറായത്. അപ്പര്‍ ബര്‍ത്തിലായിരുന്നു പെണ്‍കുട്ടി ഇരുന്നിരുന്നത്. സൈനികന്‍ സൈഡ് അപ്പറിലും. അവിടെ ഇരുന്ന് കൊണ്ട് തന്റെ ബര്‍ത്തിലേക്ക് കാലുകള്‍ നീട്ടിവെച്ച് തന്നോട് സൗഹൃദം ഉണ്ടാക്കാന്‍ ശ്രമം നടത്തി. സൈനികരുടെ വീരകഥകള്‍ പറഞ്ഞ് അടുപ്പം സ്ഥാപിച്ചു. ജമ്മു കശ്മീരിലെ ഡ്യൂട്ടിയും ഭീകരാക്രമണങ്ങളും പറഞ്ഞ് കൂടുതല്‍ അടുത്തു. ശേഷം മദ്യം നല്‍കി എന്നാണ് പെണ്‍കുട്ടി പറയുന്നത്.
നിര്‍ബന്ധിപ്പിച്ചാണ് ഇയാള്‍ തന്നെക്കൊണ്ട് മദ്യം കുടിപ്പിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ ആയ തന്നെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും, മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ഉച്ചത്തില്‍ കരയാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു. പിന്നീട് ബോധം വന്നപ്പോഴാണ് സൈനികന്‍ തന്നെ ചൂഷണം ചെയ്തതായി ഇവര്‍ മനസിലാക്കുന്നത്. ഇതിനിടെ സൈനികന്‍ അറിയാതെ അയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി പകര്‍ത്തിയിരുന്നു.