കോട്ടയം: 93 വയസുള്ള ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്‍കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തു.
കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയിലാണ് സംഭവം. മുണ്ടക്കയം സ്വദേശിനിയായ ദേവയാനിക്കാണ് 4000 രൂപയുടെ ലോട്ടറി നഷ്ടമായത്. ഇതോടെ തട്ടിപ്പിനിരയായ വയോധികയുടെ ജീവിത മാര്‍ഗം തന്നെ നിലച്ചു പോയ അവസ്ഥയിലാണ്.
ലോട്ടറി വിറ്റാണ് ദേവയാനി വര്‍ഷങ്ങളായി ഉപജീവനം നടത്തുന്നത്. ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങിയത്.
മുഴുവന്‍ ലോട്ടറിയും വിറ്റതിന്‍റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് ആ ചെറുപ്പക്കാരന്‍ കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്‍റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്.
തന്‍റെ കൊച്ചുമകന്‍റെ പ്രായമുളള ഒരു കുട്ടിയാണ് പറ്റിച്ചതെന്ന് മാത്രം ദേവയാനിയമ്മയ്ക്കറിയാം. ഭര്‍ത്താവും മക്കളും മരിച്ചു പോയ ഈ പാവം അമ്മൂമ്മയുടെ ആകെയുണ്ടായിരുന്നൊരു ഉപജീവന മാര്‍ഗമാണ് യുവാവ് ഇല്ലാതാക്കിയത്.