Click to learn more 👇

Video; ‘അവര്‍ കൊണ്ടുപോയില്ല, അതിനാല്‍ പോയില്ല', അതിഖ് അഹമ്മദിന്റെ അവസാന വാക്കുകള്‍; കൊലയ്ക്ക് പിന്നാലെ ജയ് ശ്രീറാം വിളിച്ച്‌ പ്രതികള്‍


 ലക്‌നൗ: ഉമേഷ് പാല്‍ വധക്കേസില്‍ പൊലീസ് പിടിയിലായ യു പിയിലെ കൊടും ക്രിമിനലും സമാജ്‌വാദി പാര്‍ട്ടി എം പിയുമായിരുന്ന അതിഖ് അഹമ്മദ് കൊല്ലപ്പെട്ടത് മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ്.

മാദ്ധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയാണ് കൊലയാളികള്‍ എത്തിയതും അതിഖിനും സഹോദരനും നേരെ വെടിയുതിര്‍ത്തതും.

രണ്ടുദിവസം മുന്‍പ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അതിഖിന്റെ മകന്‍ ആസാദ് അഹമ്മദ് കൊല്ലപ്പെട്ടിരുന്നു. മകന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അതിഖ്. 'അവര്‍ കൊണ്ടുപോയില്ല, അതിനാല്‍ പോയില്ല' എന്നായിരുന്നു അതിഖിന്റെ പ്രതികരണം.

ഇതിനിടെ വെടിയേല്‍ക്കുകയായിരുന്നു. അതിഖിന്റെ സഹോദരന്‍ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രയാഗ്‌രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുമ്ബോഴായിരുന്നു സംഭവം. പൊലീസ് വലയത്തില്‍ നടന്നുപോകുകയായിരുന്നു ഇരുവരും. സംഭവത്തില്‍ ലവ്‌ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗരവ്യ എന്നിവര്‍ അറസ്റ്റിലായി. ഇവര്‍ 'ജയ് ശ്രീറാം' എന്ന മുദ്രാവാക്യം മുഴക്കിയിരുന്നു.

അതിഖും സഹോദരനും വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാ‌ര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുയാണ്. മൂന്നംഗ ജുഡീഷ്യല്‍ കമ്മിഷനാണ് സംഭവം അന്വേഷിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യു പിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രയാഗ്‌രാജില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. കാണ്‍പൂരിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്. ഡിജിപിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രയാഗ്‌രാജിലേയ്ക്ക് തിരിച്ചിട്ടുണ്ട്. അതിഖിനൊപ്പമുണ്ടായിരുന്ന 17 പൊലീസുകാരെ സംഭവത്തിന് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.