ജയ്പൂര്‍∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലു.
വിക്കറ്റിനു പിന്നിൽ തകർപ്പന്‍ പ്രകടനവുമായി രാജസ്ഥാൻ റോയൽസിന്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ. ലക്നൗ ബാറ്റിങ്ങിന്റെ അവസാന ഓവറിൽ തകർപ്പനൊരു ത്രോവിലൂടെ നിക്കോളാസ് പുരാനെ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ പുറത്താക്കി.
സിംഗിളിനായി ലക്നൗ താരങ്ങൾ ഓടിയപ്പോൾ സഞ്ജു പന്ത് വിക്കറ്റിൽ എറിഞ്ഞു കൊള്ളിക്കുകയായിരുന്നു. വിക്കറ്റ് കീപ്പറുടെ ഗ്ലൗ ധരിച്ച് ത്രോ ചെയ്ത് റൺഔട്ടാക്കുകയെന്ന ബുദ്ധിമുട്ടേറിയ കാര്യം പിഴവുകളില്ലാതെയാണു സഞ്ജു നടപ്പാക്കിയത്. ഗ്ലൗ ധരിച്ച് പന്തെറിയുമ്പോൾ ലക്ഷ്യം തെറ്റാനുള്ള സാധ്യത വളരെയേറെയാണെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്.
20 പന്തുകൾ നേരിട്ട നിക്കോളാസ് പുരാൻ 29 റൺസെടുത്താണു പുറത്തായത്. സന്ദീപ് ശർമയുടെ പന്തിൽ ലക്നൗ താരം മാർകസ് സ്റ്റോയ്നിസിനെ ക്യാച്ചെടുത്ത് സഞ്ജു പുറത്താക്കി. ലക്നൗ വാലറ്റത്ത് യുദ്ധ്‍വിർ സിങ്ങിന്റെ റണ്ണൗട്ടിലും സഞ്ജു തന്റെ റോൾ ഭംഗിയാക്കി.
രാജസ്ഥാൻ റോയൽസിനായി ബാറ്റിങ്ങിൽ തിളങ്ങാൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. നാലു പന്തുകൾ നേരിട്ട താരം രണ്ട് റൺസ് മാത്രമെടുത്തു റൺഔട്ടാകുകയായിരുന്നു. 155 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ സാധിച്ചുള്ളൂ. ലക്നൗവിന് 10 റൺസ് വിജയം. ആറു മത്സരങ്ങളിൽ നാലും ജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
Brilliant keeping by captain cool #SanjuSamson to get Pooran out. #RRvLSG #RajasthanRoyals pic.twitter.com/M8ofJci3YX