ന്യൂഡൽഹി ∙ സമ്പത്തിന്റെ കാര്യമെടുത്താൽ മുഖ്യൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ആണ്. 510 കോടിയുമായി മുഖ്യമന്ത്രിമാരുടെ ആസ്തി പട്ടികയിൽ ജഗൻ ഒന്നാം സ്ഥാനത്താണ്.
വെറും 15 ലക്ഷം രൂപ മാത്രം സ്വന്തമായുള്ള മമത ബാനർജിയാണ് ഈ പട്ടികയിൽ ഏറ്റവും പിന്നിൽ. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി 1.18 കോടി രൂപ മാത്രം. രാജ്യത്തെ 30 മുഖ്യമന്ത്രിമാരിൽ മമത ഒഴികെ 29 പേരും കോടിപതികളാണെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. 13 മുഖ്യമന്ത്രിമാർ വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ നൽകിയ വിവരങ്ങളിൽ നിന്നാണ് എഡിആർ വിലയിരുത്തൽ നടത്തിയത്.
ജഗൻ കഴിഞ്ഞാൽ സമ്പത്തിന്റെ കാര്യത്തിൽ തൊട്ടുപിന്നാലെയുള്ളവർ അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു (163 കോടി), ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് (63 കോടി) എന്നിവരാണ്. മമതയ്ക്കും പിണറായിക്കും ഒപ്പം ആസ്തിയുടെ കാര്യത്തിൽ പിന്നിലുള്ള മറ്റൊരാൾ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ (1 കോടി) ആണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (3 കോടി), ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ (3 കോടി) എന്നിവരും ‘പാവപ്പെട്ട’ മുഖ്യമന്ത്രിമാരാണ്.