കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച പഞ്ചായത്തംഗത്തിനെതിരെ നടപടി.
16കാരനെ പീഡിപ്പിച്ചതിന് പോക്സോ ചുമത്തപ്പെട്ട മുളിയാര്‍ പഞ്ചായത്തംഗം എ എം മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് മുസ്ലീം ലീഗ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ മാസം 11-നാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. ചൊവ്വല്‍ സ്വദേശിയായ പ്രതി മയക്കുമരുന്ന് നല്‍കി 16കാരനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ആദൂര്‍ പൊലീസാണ് കേസെടുത്തത്.
പോക്സോ ചുമത്തി കേസെടുത്തതിന് പിന്നാലെ മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റായ മുഹമ്മദ് കുഞ്ഞിയെ മുസ്ലീം ലീഗിലെയും പോഷക സംഘടനകളില്‍ നിന്നുമുള്ള എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കി.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ തിരുവനന്തപുരം പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കരുംകുളം പൊറ്റയില്‍ വാറുവിളാകത്തു വീട്ടില്‍ ആദി എന്ന ആദിത്യന്‍ (18), അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയില്‍ സൂര്യ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ കേസ് പ്രകാരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇനിയും രണ്ടുപേരെ പിടികൂടാനുണ്ട്.