Click to learn more 👇

സിനിമാ സെറ്റിലെ ലഹരി ഉപയോഗം: കേട്ടറിവിന്റെ അടിസ്ഥാനത്തിൽ പരിശോധന സാധ്യമല്ലെന്ന് മന്ത്രി


 തിരുവനന്തപുരം: സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ കേട്ടറിവിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന സാധ്യമല്ലെന്ന് എക്സൈസ് മന്ത്രി. 

വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിക്ക് തടസമില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. എന്നാല്‍ ലഹരി ഉപയോഗത്തെക്കുറിച്ച് നാല് വര്‍ഷത്തോളമായി അറിയാമായിരുന്നിട്ടും പരിശോധനകള്‍ക്കൊന്നും എക്സൈസ് ഇറങ്ങിയിട്ടില്ല.

മൂന്നരവര്‍ഷം മുമ്പ് സിനിമാ നിർമ്മാതാവ് സിയാദ് കോക്കർ ഈ വിഷയത്തിൽ തുറന്നുപറച്ചിൽ നടത്തിയിരുന്നു. നിരോധിത ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെക്കുറിച്ച് അറിയാമെന്നായിരുന്നു അന്നത്തെ പ്രസ്താവന. കേരളത്തിലെ പ്രമുഖ നിര്‍മാതാവ് തന്നെ വെളിപ്പെടുത്തിയിട്ടും സംസ്ഥാന പൊലീസോ എക്സൈസോ അന്വേഷണത്തിന് പോയില്ല.

രണ്ടാഴ്ച മുമ്പ് നിർമ്മാതാവായ എം രഞ്ജിത്തും സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തി. ഈ സാക്ഷ്യം പറച്ചില്‍ നടത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ മിണ്ടിയില്ല. സിനിമാക്കാര്‍ക്ക് പ്രത്യേക ഇളവൊന്നുമില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറയുന്നുണ്ട്. പക്ഷേ കേട്ടറിവിന്‍റെ പുറത്ത് പരിശോധനയ്ക്ക് ഇറങ്ങാനാകില്ലെന്നും വിശ്വസനീയമായ വിവരം ലഭിച്ചാലേ അന്വേഷണം നടത്താനാവൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഏതെങ്കിലും ഒരു ആഘോഷ പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിച്ചു എന്ന വിവരം കിട്ടിയെന്നിരിക്കട്ടെ, പൊലീസോ എക്സൈസോ ഒരു കാലതാമസവും വരുത്താറില്ല. പരിശോധനയും കേസും പെട്ടന്നുതന്നെ ഉണ്ടാകും. എന്നാല്‍ സിനിമാ സെറ്റിലാകുമ്പോള്‍ വിശ്വസനീയമായ വെളിപ്പെടുത്തലാവണം, പരാതി വേണം, ഉപയോഗിക്കുന്നവരുടെ പട്ടികവേണം. പരിശോധന നീട്ടാനും അന്വേഷണം ഒഴിവാക്കാനുമാണ് ഇത്തരം നീട്ടലുകളെന്നാണ് കരുതപ്പെടുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.