Click to learn more 👇

'ഛയ്യ ഛയ്യ' പാടി എആര്‍ റഹ്മാന്‍, സ്റ്റേജില്‍ കയറിവന്ന് പരിപാടി നിര്‍ത്തിച്ച്‌ പൊലീസ്; വിഡിയോ


 എആര്‍ റഹ്മാന്റെ സംഗീതപരിപാടി നിര്‍ത്തിച്ച്‌ പൊലീസ്. പൂനെയില്‍ നടന്ന ലൈവ് പരിപാടിക്കിടെയാണ് സംഭവമുണ്ടായത്.

അനുവദിച്ച സമയം കഴിഞ്ഞെന്ന് പറഞ്ഞ് റഹ്മാന്‍ പാടിക്കൊണ്ടിരിക്കുന്ന സ്റ്റേജിലേക്ക് പൊലീസ് കയറി വരികയായിരുന്നു. സമയം കഴിഞ്ഞെന്നും പരിപാടി നിര്‍ത്താനും ആവശ്യപ്പെട്ടു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പൂനെയിലെ രാജ ബഹദൂര്‍ മില്‍ ഏരിയയിലാണ് പരിപാടി നടന്നത്. 8 മണി മുതല്‍ 10 മണിവരെയാണ് പരിപാടിക്ക് സമയം അനുവദിച്ചിരുന്നത്. 10.14ന് അവസാന ഗാനം പാടുന്നതിന് ഇടയിലാണ് പൊലീസ് വേദിയിലേക്ക് കയറിയത്. ഛയ്യ ഛയ്യ എന്ന ഗാനമാണ് റഹ്മാന്‍ പാടിക്കൊണ്ടിരുന്നത്. സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി പൂനെ പൊലീസ് രംഗത്തെത്തി. 10 മണി കഴിഞ്ഞതിനാലാണ് ഇടപെട്ടത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. സമയം കഴിഞ്ഞിട്ടും പാടിയത് എന്തിനാണെന്ന് റഹ്മാനോട് പൊലീസ് ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് വന്നതിനു പിന്നാലെ റഹ്മാന്‍ വേദി വിട്ടു.

അതിനു പിന്നാലെ പൂനെയിലെ പരിപാടിയെക്കുറിച്ച്‌ കുറിപ്പുമായി റഹ്മാന്‍ എത്തി. പൂനെയുടെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ്. വീണ്ടും പരിപാടിയുമായി എത്തുമെന്നും താരം കുറിച്ചു. അതിനിടെ റഹ്മാനെ പൂനെ പൊലീസ് അപമാനിച്ചു എന്ന ആരോപണവുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. സമയം കഴിഞ്ഞു എന്ന് പറഞ്ഞ് സ്റ്റേജിലേക്ക് കയറിച്ചെല്ലുകയല്ല വേണ്ടിയിരുന്നതെന്നും മാന്യമായി പെരുമാറണമായിരുന്നു എന്നും ആരാധകര്‍ കുറിക്കുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.