തിരുവനന്തപുരം: മതപഠനശാലയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍.
ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. കേസില്‍ ഇന്നലെ നിര്‍ണായക വഴിത്തിരിവുണ്ടായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനുപിന്നാലെ ആണ്‍സുഹൃത്തിനെതിരെ ഇന്നലെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് ഹാഷിം അറസ്റ്റിലാവുന്നത്.
ബീമാപ്പള്ളി പരിസരത്തുവച്ചാണ് ഹാഷിം അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീടിന് പരിസരത്താണ് ഹാഷിം താമസിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
പെണ്‍കുട്ടി മതപഠനശാലയിലെത്തുന്നതിന് മുൻപുതന്നെ പീഡിപ്പിക്കപ്പെട്ടുവെന്നാണ് പൊലീസിന്റെ നിഗമനം. ഹാഷിമുമായുള്ള ബന്ധം വീട്ടുകാര്‍ കണ്ടെത്തുകയും പിന്നാലെ പെണ്‍കുട്ടിയെ മതപഠനശാലയിലേയ്ക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടി മാനസിക പീഡനത്തിനിരയായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി
മതപഠനശാലയിലെ പീഡനമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കേസ് അന്വേഷിക്കുന്നതിനിടെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഹാഷിമിലേയ്ക്ക് എത്തുന്നത്.