കൊച്ചി: ഡ്യൂട്ടിയിലുള്ള ഡോക്‌ടര്‍ക്ക് നേരെ വീണ്ടും ആക്രമണം. കളമശേരി മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു സംഭവം.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ആളാണ് ഡോക്‌ടര്‍ക്ക് നേരെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ചിലര്‍ക്കുനേരെയും ആക്രമണം നടത്തിയത്.
സംഭവത്തിന് പിന്നാലെ പ്രശ്‌നമുണ്ടാക്കിയ വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിന്‍ പിടിയിലായി. ഇയാള്‍ ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടാണ് ആശുപത്രിയിലെത്തിയത്. വന്നതുമുതല്‍ അസ്വാഭാവിക പെരുമാറ്റമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ചികിത്സിക്കാനെത്തിയ ഡോക്‌ടര്‍ ഇര്‍ഫാന്‍ ഖാനോട് തട്ടിക്കയറുകയും മുഖത്തടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് പരാതി. ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വനിതാ ജീവനക്കാരെ അസഭ്യം
പറഞ്ഞുവെന്നും ഡോക്‌ടര്‍ ഇര്‍ഫാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡോയല്‍ മദ്യമോ, ലഹരിയോ ഉപയോഗിച്ചിരുന്നോ എന്നത് വ്യക്തമല്ല. ഡോക്‌ടറുടെ പരാതിയില്‍ രാത്രിതന്നെ കളമശേരി പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
അതേസമയം, ഡോക്‌ടര്‍ വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. പ്രതിയ്ക്ക് വേണ്ടി പ്രൊഡക്ഷന്‍ വാറണ്ട് കഴിഞ്ഞദിവസം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര കോടതി പ്രതിയെ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.